മൂന്നാര്‍: സംസ്ഥാനത്തെ ജനവാസ മേഖലകളിലേക്ക് കാട്ടുമൃഗങ്ങള്‍ ഇറങ്ങുന്നത് വലിയ പ്രശ്ങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ, മൂന്നാറില്‍ പലചരക്ക് കട ആക്രമിച്ചിരിക്കുകയാണ് കാട്ടാന.
മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റിലുള്ള പലചരക്ക് കടയിലേക്ക് ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആന എത്തിയത്. കടയുടെ വാതില്‍ തകര്‍ക്കുന്നതിന്റെയും പല വസ്തുക്കളെടുത്ത് ഭക്ഷിക്കുന്നതിന്റെയും സി.സി.ടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.
ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയാണ് ആനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. കടയില്‍ നിന്നും മൈദയും സവാളയും ആന ഭക്ഷിച്ചതായാണ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ട്രെഡ് മില്ലിനും കേടുപാടുകള്‍ സംഭവിച്ചെന്നും, 15 വര്‍ഷത്തിനിടെ കടക്ക് നേരെയുണ്ടാകുന്ന 16ാമത് കാട്ടാനാക്രമണമാണ് ഇതെന്നും പുണ്യവേല്‍ പറഞ്ഞു.
കടയോട് ചേര്‍ന്നാണ് പുണ്യവേലിന്റെ വീട്. ശബ്ദം കേട്ട് പുറത്തെത്തി നോക്കിയപ്പോഴാണ് ആന കടക്കുള്ളിലേക്ക് തലയിട്ട് ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് കണ്ടത്.
വലിയ ശബ്ദമുണ്ടാക്കി ആനയെ തുരത്താന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ ആക്രമിക്കാനായി ആന പാഞ്ഞടുത്തെന്നും പുണ്യവേല്‍ പറഞ്ഞു.
കൂട്ടമായ എത്തിയ ആനകളില്‍ നിന്നും ഒരാനയാണ് കട ആക്രമിച്ചത്. ഒടുവില്‍ നാട്ടുകാരും ആര്‍.ആര്‍.ടി സംഘവുമെത്തിയാണ് ഈ ആനക്കൂട്ടത്തെ ഓടിച്ചുവിട്ടത്. കട ആക്രമിച്ച ആനക്കൊപ്പം മറ്റൊരു വലിയ ആനയും രണ്ട് കുട്ടിയാനകളും ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
രാത്രി ആനക്കൂട്ടമിറങ്ങുന്നത് വലിയ ഭീതിയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. കടകളെ പോലെ തങ്ങളുടെ വീടും ആനകള്‍ ആക്രമിച്ചേക്കാമെന്ന ഭീതിയുണ്ടെന്ന് ഇവര്‍ പറയുന്നു.
Content Highlight: Wild Elephant attacks a grocery shop in Munnar, CCTV video out