|

വിക്കിപീഡിയ നാളെ ‘ഓണ്‍ലൈന്‍ കരിദിനം’ ആചരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുയോര്‍ക്ക്: ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ സൗജന്യ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയ നാളെ “ഓണ്‍ലൈന്‍ കരിദിനം” ആചരിച്ച് പണിമുടക്കുന്നു. അമേരിക്കന്‍ പ്രതിനിധി സഭ പരിഗണിക്കുന്ന സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, അമേരിക്കന്‍ സെനറ്റ് പാസ്സാക്കാനിരിക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ആക്ട് എന്നീ ബില്ലുകള്‍ നിയമമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഇന്ന് അര്‍ധ രാത്രിമുതല്‍ നാളെ അര്‍ധ രാത്രി വരെ 24 മണിക്കൂറാണ് വിക്കിപീഡിയ പണി മുടക്കുന്നത്. വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഒരു ദിവസത്തേക്ക് നിര്‍ത്തി വെക്കുന്നത്. നാള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്നവര്‍ക്കു മുന്നില്‍ മുഴുവന്‍ കറുപ്പ് നിറത്തിലുള്ള പേജാണ് പ്രത്യക്ഷപ്പെടുക. അതില്‍ എന്തുകൊണ്ടാണ് തങ്ങള്‍ ഇന്ന് പ്രതിഷേധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പ് മാത്രമാണ് ഉണ്ടാകുക.പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് വിക്കീപീഡിയ നാളെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്നത്.

വിക്കിപിഡീയക്ക് പിന്തുണയുമായി നിരവധി വെബ്‌സൈറ്റുകളും ബുധനാഴ്ചത്തെ “ഓണ്‍ലൈന്‍ കരിദിനം” ആചരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരിഗണനയിലിരിക്കുന്ന നിയമങ്ങള്‍ പാസ്സായാല്‍ സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് സേവനം അവസാനിക്കുമെന്നും രാജ്യാന്തര വെബ്‌സൈറ്റുകള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാകുമെന്നും വിക്കിപീഡിയ സഹസ്ഥാപകന്‍ ജിമ്മി വെയില്‍സ് പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രസ്തുത നിയമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി ചര്‍ച്ചകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. തങ്ങളുടെ പ്രതിഷേധം ലോകത്താകമാനം എത്തിക്കുകയാണ് നാളത്തെ പണിമുടക്കിന്റെ ലക്ഷ്യം.

Malayalam News
Kerala News in English

Latest Stories