| Wednesday, 22nd February 2023, 3:54 pm

അദാനിക്കായി പണം വാങ്ങി പി.ആർ നടത്തി ലേഖകർ; ഹിൻഡൻബർ​ഗിന് പിന്നാലെ അദാനിക്ക് തലവേദനയായി വിക്കിപീഡിയ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹിൻഡൻബർ​ഗിന് പിന്നാലെ അദാനിക്ക് തലവേദനയായി ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോർട്ട്. വിക്കിപീഡിയ റിപ്പോർട്ടുകളിൽ നിന്ന് അദാനിക്കെതിരായ പരാമർശങ്ങളെ അനുകൂലമാക്കി മാറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വിക്കിപീഡിയയുടെ കീഴിലുള്ള ഓൺലൈൻ പത്രമായ ദി സൈൻപോസ്റ്റും വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

പണം വാങ്ങി 40ലധികം ലേഖകർ ഇത്തരത്തിൽ അദാനിക്കായി പി.ആർ വർക്ക് നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി ഒമ്പതോളം ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്. അവരിൽ പലരും പല ആർട്ടിക്കിളുകളും തിരുത്തി വ്യാജവും പക്ഷപാതപരമായ കാര്യങ്ങളുമാണ് എഴുതിച്ചേർത്തിരിക്കുന്നത്.

ഒരാൾ ഒരു കമ്പനിയുടെ ഐ.പി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ മുഴുവനായി തിരുത്തിയെഴുതി. ഇങ്ങനെ തിരുത്തിയവരിൽ ഒരാൾ താൻ അദാനി ഗ്രൂപ്പിലെ ജോലിക്കാരനാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്’- ദി സൈൻപോസ്റ്റ് പറയുന്നു.

കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിക്ക് അനുകൂലമായ തിരുത്തലുകൾ നടന്നിരിക്കുന്നത്.

അതേസമയം വിക്കിപീഡിയയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ച് ലേഖനങ്ങൾ മാറ്റി എഴുതിയ ലേഖകർക്കെതിരെ വിക്കിപീഡിയ അധികൃതർ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. ഇവരെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുമെന്നും ഭാവിയിൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നതിൽ നിന്ന് വിലക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlight: wikipedia report against adani after hindebgurg, says paid or taking place

We use cookies to give you the best possible experience. Learn more