| Thursday, 24th March 2022, 8:08 am

ജൂലിയന്‍ അസാഞ്ചെ ലണ്ടനിലെ ജയിലില്‍ വിവാഹിതനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ബ്രിട്ടനിലെ ജയിലില്‍ വെച്ച് വിവാഹിതനായി.

പ്രതിശ്രുത വധു സ്റ്റെല്ല മോറിസുമായുള്ള വിവാഹത്തിന്റെ ചടങ്ങുകളാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ ബുധനാഴ്ച നടന്നത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള അഭിഭാഷകയാണ് സ്റ്റെല്ല മോറിസ്.

1983ലെ മാരേജ് ആക്ട് പ്രകാരമാണ് ഇരുവര്‍ക്കും ജയിലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയത്.

2015 മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ സ്റ്റെല്ല ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്.

മക്കള്‍ക്കൊപ്പം വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ സ്റ്റെല്ല പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ വിവാഹചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടില്ല.

കനത്ത സുരക്ഷയിലാണ് വിവാഹചടങ്ങുകള്‍ നടന്നത്.

തങ്ങളുടെ വിവാഹം ജയില്‍ അധികൃതര്‍ തടയുന്നെന്ന് കാണിച്ച് നേരത്തെ അസാഞ്ചെയും സ്റ്റെല്ലയും കേസ് ഫയല്‍ ചെയ്തിരുന്നു.

ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണ് അസാഞ്ചെ 2019ല്‍ ലണ്ടനില്‍ തടവിലാവുന്നത്. ഓസ്ട്രേലിയന്‍ പൗരനാണ് 50കാരനായ അസാഞ്ചെ.

ഇക്വഡോറില്‍ വെച്ചാണ് അസാഞ്ചെയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ചെ ഉള്ളത്.

2006ല്‍ ഐസ്‌ലന്‍ഡില്‍ സ്ഥാപിക്കപ്പെട്ട വികിലീക്‌സ് വെബ്‌സൈറ്റ്, സൗദി അറേബ്യ, അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങള്‍ പൂഴ്ത്തിവെച്ചിരുന്ന സുരക്ഷാ- രഹസ്യരേഖകളാണ് പുറത്തുവിട്ടത്.

എന്നാല്‍ വികിലീക്‌സിനെതിരെ കേസുകള്‍ വന്നതോടെ സ്ഥാപകനായ അസാഞ്ചെ 2012ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷമാണ് അറസ്റ്റിലായത്.

സ്വീഡനില്‍ അസാഞ്ചെയ്‌ക്കെതിരെ ലൈംഗികാരോപണ കേസുണ്ടായിരുന്നു. ഇതിന്മേലുള്ള അറസ്റ്റ് തടയുന്നതിനായിരുന്നു ഇക്വഡോര്‍ എംബസിയില്‍ അദ്ദേഹം അഭയം തേടിയത്.

അതേസമയം, ചാരപ്രവര്‍ത്തിക്കേസിലെ വിചാരണക്ക് വേണ്ടി അസാഞ്ചെയെ യു.എസിന് കൈമാറാന്‍ ബ്രിട്ടീഷ് കോടതി വിധിച്ചിട്ടുണ്ട്. ഇതിനെതിരെ അപ്പീല്‍ പോകാന്‍ അസാഞ്ചെക്ക് അനുമതി നിഷേധിക്കുകയും ചെയ്തു.

യു.എസിന് കൈമാറുന്നതിനെതിരെ ബിട്ടീഷ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്ചെയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ വിവിധ സൈനിക ഓപ്പറേഷനുകളുടെ രേഖകളാണ് 2010, 2011 വര്‍ഷങ്ങളിലായി വികിലീക്‌സ് പുറത്തുവിട്ടത്. ഇതിന്റെ പേരില്‍ അമേരിക്ക അസാഞ്ചെക്കെതിരെ കേസെടുക്കുകയായിരുന്നു.

യു.എസ് സേന അഫ്ഗാനിലും ഇറാഖിലും നടത്തിയ, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ, സൈനിക ഓപ്പറേഷനുകളെക്കുറിച്ചും അതില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളുമായിരുന്നു വികിലീക്സ് പുറത്തുവിട്ടത്.

യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി, എന്നാണ് അസാഞ്ചെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്.

അസാഞ്ചെയെ ബ്രിട്ടനില്‍ നിന്നും കൈമാറ്റം ചെയ്ത് കിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

Content Highlight: WikiLeaks’ founder Julian Assange weds fiancée Stella Moris in Britain London prison ceremony

We use cookies to give you the best possible experience. Learn more