| Thursday, 11th April 2019, 5:22 pm

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അറസ്റ്റില്‍; അറസ്റ്റിലാകുന്നത് ഏഴുവര്‍ഷത്തെ രാഷ്ട്രീയാഭയത്തിനുശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലൈംഗികാരോപണക്കേസിലും യു.എസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസിലും പ്രതിയായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അറസ്റ്റില്‍. ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്ന അസാഞ്ചെയെ വ്യാഴാഴ്ച ബ്രിട്ടീഷ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

യു.എസിനു തന്നെ കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ അസാഞ്ചെ എംബസിയിലാണു കഴിഞ്ഞിരുന്നത്. എംബസിയില്‍ വെച്ചാണ് മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍ അസാഞ്ചെയെ അറസ്റ്റ് ചെയ്തത്.

അസാഞ്ചെയുടെ രാഷ്ട്രീയാഭയം പിന്‍വലിച്ചുകൊണ്ടുള്ള ഇക്വഡോര്‍ സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് എംബസി അംബാസഡറാണ് അസാഞ്ചെയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസിനെ വിളിച്ചുവരുത്തിയത്.

അസാഞ്ചെയ്‌ക്കെതിരേ സ്വീഡനില്‍ നടക്കുന്ന ലൈംഗികാരോപണക്കേസില്‍ ശിക്ഷിക്കപ്പെടുമോ എന്നു ഭയന്നാണ് അസാഞ്ചെ സ്വീഡനില്‍നിന്ന് ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടിയത്. എന്നാല്‍ യു.എസിന്റെ ഔദ്യോഗികരേഖകള്‍ പുറത്തുവിട്ട കേസില്‍ തന്നെ യു.എസിനു കൈമാറുമോയെന്ന ഭീഷണിയിലായിരുന്നു അസാഞ്ചെ ഇത്രനാളും. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.

അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ സ്വീഡനില്‍ നടക്കുന്ന കേസില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. 16 മാസത്തോളമായി നടന്നുവരുന്ന കേസ് കോടതി പലതവണ തള്ളിയെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ഇപ്പോള്‍ സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്‌റ്റേഷനിലുള്ള അസാഞ്ചെയെ വെസ്റ്റ്മിന്‍സ്റ്റര്‍ പൊലീസ് വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ടാണ് അസാഞ്ചെയുടെ രാഷ്ട്രീയാഭയം ഇക്വഡോര്‍ റദ്ദാക്കിയതെന്ന് വിക്കിലീക്‌സ് ആരോപിച്ചു.

2010-ല്‍ യു.എസിന്റെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ ഒട്ടേറെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്‌ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അസാഞ്ചെ ആഗോളതലത്തില്‍ പ്രശസ്തനാകുന്നത്.

വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും ഒരുകോടിയിലേറെ രേഖകള്‍ അസാഞ്ചെ പ്രസിദ്ധീകരിച്ചു.

2006-ല്‍ തുടങ്ങിയ വിക്കിലീക്‌സ് പലതവണ നിരോധിച്ചെങ്കിലും പല ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

അതേസമയം അസാഞ്ചിന്റെ പേരില്‍ 2010 ഓഗസ്റ്റിലാണു യുവതി ലൈംഗികാരോപണമുന്നയിച്ചത്. സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടന്ന വിക്കിലീക്‌സ് സമ്മേളനത്തിന് ഏതാനും ദിവസം മുമ്പ് അസാഞ്ചെ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം അസാഞ്ചെ നിഷേധിച്ചിരുന്നു.

2012-ലാണ് അസാഞ്ചെയുടെ പേരില്‍ സ്വീഡന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2012 ജൂണ്‍ 29-നു കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.

2016 നവംബറില്‍ സ്വീഡിഷ് കുറ്റാന്വേഷകര്‍ ഇക്വഡോര്‍ എംബസിയിലെത്തി അസാഞ്ചിനെ ചോദ്യംചെയ്‌തെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. കേസിന്റെ നിയമസാധുത 2020 ആഗസ്റ്റിലാണ് അവസാനിക്കുക.

ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതാണ് ആ രാജ്യവുമായുള്ള അസാഞ്ചെയുടെ ബന്ധം വഷളാകുന്നത്. രാഷ്ട്രീയാഭയത്തിന്റെ മാനദണ്ഡങ്ങള്‍ അസാഞ്ചെ ലംഘിച്ചെന്ന് മൊറേനോ തന്നെ ആരോപിച്ചിരുന്നു.

പീഡനം അനുഭവിക്കേണ്ടി വരികയോ വധശിക്ഷ ലഭിക്കേണ്ടി വരികയോ ചെയ്യുന്ന രാജ്യത്തേക്ക് അസാഞ്ചെയെ കൈമാറില്ലെന്ന് ഉറപ്പുനല്‍കണമെന്ന് മൊറേനോ നേരത്തേ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ നിയമപ്രകാരം ഇക്കാര്യങ്ങള്‍ അംഗീകരിച്ചതായി മൊറേനോ വ്യക്തമാക്കി.

കഴിഞ്ഞദിവസം തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസാഞ്ചെ രംഗത്തെത്തിയിരുന്നു. സ്വീഡിഷ്, ബ്രിട്ടീഷ് അധികാരികളോടു സ്വാതന്ത്ര്യം തിരിച്ചുതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

അസാഞ്ചെയെ സ്വതന്ത്രനാക്കണമെന്നു കഴിഞ്ഞവര്‍ഷം യു.എന്‍ നിയമകാര്യസമിതി ഉത്തരവിട്ടിരുന്നു. ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് അസാഞ്ചെയ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താതിരുന്നതിനെത്തുടര്‍ന്നായിരുന്നു അത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ യു.എന്നിന്റെ വര്‍ക്കിങ് ഗ്രൂപ്പ് അസാഞ്ചെയെ ബ്രിട്ടനും സ്വീഡനും അനിയന്ത്രിതമായി തടവില്‍ വെയ്ക്കുകയാണെന്നു കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more