ലണ്ടന്‍: ലൈംഗികാരോപണക്കേസിലും യു.എസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസിലും പ്രതിയായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അറസ്റ്റില്‍. ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്ന അസാഞ്ചെയെ വ്യാഴാഴ്ച ബ്രിട്ടീഷ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
യു.എസിനു തന്നെ കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ അസാഞ്ചെ എംബസിയിലാണു കഴിഞ്ഞിരുന്നത്. എംബസിയില്‍ വെച്ചാണ് മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍ അസാഞ്ചെയെ അറസ്റ്റ് ചെയ്തത്.
അസാഞ്ചെയുടെ രാഷ്ട്രീയാഭയം പിന്‍വലിച്ചുകൊണ്ടുള്ള ഇക്വഡോര്‍ സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് എംബസി അംബാസഡറാണ് അസാഞ്ചെയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസിനെ വിളിച്ചുവരുത്തിയത്.
അസാഞ്ചെയ്‌ക്കെതിരേ സ്വീഡനില്‍ നടക്കുന്ന ലൈംഗികാരോപണക്കേസില്‍ ശിക്ഷിക്കപ്പെടുമോ എന്നു ഭയന്നാണ് അസാഞ്ചെ സ്വീഡനില്‍നിന്ന് ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടിയത്. എന്നാല്‍ യു.എസിന്റെ ഔദ്യോഗികരേഖകള്‍ പുറത്തുവിട്ട കേസില്‍ തന്നെ യു.എസിനു കൈമാറുമോയെന്ന ഭീഷണിയിലായിരുന്നു അസാഞ്ചെ ഇത്രനാളും. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.
Momento en que la policia metropolitana arresta a Julian Assange en la embajada de #Ecuador @wikileakspic.twitter.com/H8nfEYSCzc
— Alfredo Velazco (@alfredovelazco) April 11, 2019
അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ സ്വീഡനില്‍ നടക്കുന്ന കേസില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. 16 മാസത്തോളമായി നടന്നുവരുന്ന കേസ് കോടതി പലതവണ തള്ളിയെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഇപ്പോള്‍ സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്‌റ്റേഷനിലുള്ള അസാഞ്ചെയെ വെസ്റ്റ്മിന്‍സ്റ്റര്‍ പൊലീസ് വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ടാണ് അസാഞ്ചെയുടെ രാഷ്ട്രീയാഭയം ഇക്വഡോര്‍ റദ്ദാക്കിയതെന്ന് വിക്കിലീക്‌സ് ആരോപിച്ചു.
2010-ല്‍ യു.എസിന്റെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ ഒട്ടേറെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്‌ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അസാഞ്ചെ ആഗോളതലത്തില്‍ പ്രശസ്തനാകുന്നത്.
വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും ഒരുകോടിയിലേറെ രേഖകള്‍ അസാഞ്ചെ പ്രസിദ്ധീകരിച്ചു.
2006-ല്‍ തുടങ്ങിയ വിക്കിലീക്‌സ് പലതവണ നിരോധിച്ചെങ്കിലും പല ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.