| Thursday, 19th April 2018, 7:58 am

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; ഗോപിനാഥപ്പിള്ളയുടെ നിയമപോരാട്ടം ഞാനേറ്റെടുക്കും: ജാവേദ് ശൈഖിന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്റെ (പ്രാണേഷ് കുമാര്‍) പിതാവിന്റെ നിയമപോരാട്ടം തുടരുമെന്ന് ജാവേദിന്റെ ഭാര്യ സാജിദ. ജാവേദിന്റെ പിതാവ് ഗോപിനാഥപിള്ള കഴിഞ്ഞ വെള്ളിയാഴ്ച അപകടത്തില്‍ മരിച്ചിരുന്നു.

ഇസ്രത് ജഹാന്റെ മാതാവിനൊപ്പം സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടരവെയാണ് ഗോപിനാഥപ്പിള്ള മരണപ്പെട്ടത്.

“എന്റെ ഭര്‍തൃ പിതാവിന്റെ നിയമപോരാട്ടം ഞാന്‍ തുടരും. അദ്ദേഹത്തിന്റെ മകന്റെ കൊലയ്ക്കുപിന്നിലുള്ളവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും. എന്നെങ്കിലും താന്‍ ഇല്ലാതായാല്‍ എനിയ്ക്ക് വേണ്ടി കേസ് നടത്തണമെന്ന് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ എന്നോട് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം അദ്ദേഹം എന്നോട് പറഞ്ഞിരുന്നു”.


Also Read: ഗോപിനാഥ പിള്ള: ‘മകന്‍ തീവ്രവാദിയായിരുന്നില്ല; മുസ്‌ലിമായിരുന്നു’ എന്ന് തെളിയിക്കാന്‍ പോരാടിമരിച്ച ഹിന്ദുവായ ഒരച്ഛന്റെ കഥ


അതേസമയം ഗോപിനാഥപ്പിള്ളയുടെ മരണത്തില്‍ ആരേയും സംശയിക്കുന്നില്ലെന്നും റോഡപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും സാജിദ പറയുന്നു. പൂനെയില്‍ സ്‌കൂള്‍ ടീച്ചറാണ് സാജിദ.

സഹോദരനൊപ്പം കൊച്ചിയിലേക്ക് പോകവേ കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഗോപിനാഥപ്പിള്ള കാറപകടത്തില്‍ മരിച്ചത്. പ്രാണേഷിന്റെ കൊലപാതകത്തില്‍ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിവരികയായിരുന്നു ഗോപിനാഥപിള്ള.


Also Read:  ‘ബലാത്സംഗം ബലാത്സംഗമാണ്; അതിനെ രാഷ്ട്രീയവത്കരിക്കരുത്’ എന്ന അപേക്ഷയുമായി മോദി; പരാമര്‍ശം ലണ്ടനില്‍ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍


2004 ലാണ് ജാവേദ് ശൈഖ്, ഇസ്രത് ജഹാന്‍, അംജദ് അലി, ജിഷന്‍ ജോഹര്‍ എന്നിവരെ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത്. മുംബൈ സ്വദേശിനിയും കോളേജ് വിദ്യാര്‍ഥിനിയുമായ 19വയസ്സുകാരി ഇസ്രത്ത് ജഹാന്‍, മലയാളിയും മുംബൈയില്‍ വ്യാപാരിയുമായ പ്രാണേഷ് കുമാര്‍ എന്ന ജാവീദ് ശൈഖ്, പാകിസ്താന്‍ സ്വദേശികളെന്നാരോപിക്കുന്ന അംജദ് അലി റാണ, സീഷാന്‍ ജൗഹര്‍ അബ്ദുല്‍ ഗനി എന്നിവരാണ് കൊല്ലപ്പെട്ട നാലുപേര്‍.

സംഭവം പിന്നീട് ഗുജറാത്ത് പൊലീസിലെ ഒരു വിഭാഗം സര്‍ക്കാറിലെ ചിലരുടെ പിന്തുണയോടെ നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു. സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയും ഗുജറാത്ത് പൊലീസും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more