| Friday, 22nd May 2015, 12:23 pm

രാജ്യത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ വൈകാതെ വൈഫൈ സ്ഥാപിക്കുമെന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച്ച പറഞ്ഞു. താജ്മഹല്‍, സാരാനാഥ്, ബോധ്ഗയ തുടങ്ങിയവയാണ് ഇത്തരത്തില്‍ വൈഫൈ സ്ഥാപിക്കാന്‍ പോകുന്ന ചില സ്ഥലങ്ങള്‍. നിലവില്‍ വാരാണസിയില്‍ ഞങ്ങള്‍ സൗജന്യ വൈഫൈ സൗകര്യം ആരംഭിച്ചിട്ടുണ്ട്.

അതേസമയം വിദേശികള്‍ക്ക് ഇ-വിസ സൗകര്യവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.  ചെറുകിട നഗരങ്ങളെ ഐ.ടി ഹബ്ബുകളാക്കി മാറ്റാനുള്ള പദ്ധതിയും തന്റെ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ ചെറിയ നഗരങ്ങളിലും കോള്‍ സെന്ററുകളും ബി.പി.ഓകളും സ്ഥാപിച്ച് 48,000ഓളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ചെറുനഗരങ്ങളില്‍ ഐ.ടി വിപ്ലവം സാധ്യമാക്കുന്നതിനായി സബ്‌സിഡികളും ഞങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ച് ഇ-കൊമേഴ്‌സ് പദ്ധതികളും നടപ്പിലാക്കും. 2.5 ലക്ഷംം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ബ്രോഡ്ബാന്‍ഡ് സൗകര്യമൊരുക്കുമെന്നും അതിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍നാടുകളിലും ലഭ്യമാക്കുമെന്നും ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയാണ് മോദിസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more