|

ഭാര്യ അശ്ലീല വീഡിയോ കാണുന്നതോ സ്വയം സന്തോഷത്തില്‍ ഏര്‍പ്പെടുന്നതോ ഭര്‍ത്താവിനോടുള്ള ക്രൂരതയല്ല: മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഭാര്യ അശ്ലീല വീഡിയോ കാണുന്നതോ സ്വയം സന്തോഷത്തില്‍ ഏര്‍പ്പെടുന്നതോ ഭര്‍ത്താവിനോടുള്ള ക്രൂരതയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ദാമ്പത്യ ബന്ധം തകരാന്‍ ഇത് കാരണമാകുന്നുവെന്നതിന് തെളിവില്ലെന്നും അതിനാല്‍ ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാന്‍ ആവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിന് ഭാര്യയേയോ ഭര്‍ത്താവിനെയോ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, ആര്‍. പൂര്‍ണിമ എന്നിവരുടേതാണ് ഉത്തരവ്.

ഭാര്യ പലപ്പോഴും സ്വയംഭോഗത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന ഭര്‍ത്താവിന്റെ വാദം സ്ത്രീയുടെ ലൈംഗികാവകാശങ്ങളുടെ മേലുള്ള കടുത്ത ലംഘനത്തിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.

പുരുഷന്മാര്‍ക്കിടയിലെ സ്വയംഭോഗം സാര്‍വത്രികമായി അംഗീകരിക്കപ്പെടുമ്പോള്‍ സ്ത്രീകളെ മാത്രം കളങ്കപ്പെടുത്താന്‍ കഴിയില്ലെന്നും സ്വകാര്യ സ്ഥലത്ത് അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ അശ്ലീല വീഡിയോകള്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് ചിത്രീകരിക്കുന്നതെന്നും ദൃശ്യങ്ങള്‍ കാണുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാഴ്ചക്കാരനെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വയം ആനന്ദം കണ്ടെത്തുന്നത് സ്ത്രീക്ക് വിലക്കപ്പെട്ട കാര്യമല്ലെന്നും വിവാഹിതയാണെന്ന കാരണത്താല്‍ മാത്രം സ്വന്തം ശാരീരിക സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന സ്ത്രീയെ തടയാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിവാഹ മോചനത്തിന് അനുവാദം നല്‍കാതിരുന്ന കുടുംബ കോടതിയുടെ തീരുമാനത്തിനെതിരെ ഭര്‍ത്താവ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയ്ക്ക് പകര്‍ച്ച വ്യാധി സമാനമായ ലൈംഗിക രോഗമാണെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ അശ്ലീല വീഡിയോ കാണുന്നത് ഹിന്ദു വിവാഹ നിയമത്തിലെ 13(1) ബാധകമാവില്ലെന്നും കോടതി വിശദമാക്കി.

Content Highlight: Wife watching pornographic videos or indulging in self-pleasure is not cruelty towards husband: Madras High Court

Video Stories