| Saturday, 24th October 2020, 9:46 pm

ഹാത്രാസ് കൊലപാതകം; കേസ് അന്വേഷിക്കുന്ന ഡി.ഐ.ജിയുടെ ഭാര്യ ആത്മഹത്യചെയ്ത നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹാത്രാസ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിയിലെ ഡി.ഐ.ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് യു.പി പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ മാസമാണ് യു.പിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം എസ്.ഐ.ടിയ്ക്ക് കൈമാറിയത്.

എന്നാല്‍ പിന്നീട് യു.പി സര്‍ക്കാറിന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.

സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: wife of up police dig dies by suicide husband a member of hathras case

We use cookies to give you the best possible experience. Learn more