സിദ്ദീഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം; സെക്രട്ടറിയേറ്റില്‍ ധര്‍ണ നടത്താനൊരുങ്ങി ഭാര്യ
Kerala News
സിദ്ദീഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം; സെക്രട്ടറിയേറ്റില്‍ ധര്‍ണ നടത്താനൊരുങ്ങി ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2020, 3:04 pm

കോഴിക്കോട്: യു.പിയില്‍ യു.എ.പി.എ ചുമത്തി തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യവാരം കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും റെയ്ഹാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത് കള്ളമാണെന്നും റെയ്ഹാനത്ത് പറഞ്ഞു. സിദ്ദീഖ് കാപ്പന്‍ കോടികളുടെ ഇടപാട് നടത്തിയെന്നും യു. പി പൊലിസ് ആരോപിക്കുന്നതായും അവര്‍ പറഞ്ഞു.

ഹാത്രാസിലേക്ക് പോകാന്‍ സി.പി.ഐ.എം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കാന്‍ യു. പി പൊലീസ് സിദ്ദീഖ് കാപ്പനെ പ്രേരിപ്പിച്ചുവെന്നും റെയ്ഹാനത്ത് പറഞ്ഞു.

സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് അല്ലെന്ന് മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വക്താവല്ല. കാപ്പന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണ്.

സംഭവം നടന്നത് മറ്റൊരു സംസ്ഥാനത്തായതിനാല്‍ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വാദം. ഇനി പ്രതീക്ഷ സുപ്രീം കോടതി മാത്രമാണ്. മൂന്ന് മക്കളും പ്രായമായ അമ്മയുമാണ് ഉള്ളത്. പൊലീസ് ഓരോ തവണയും ഓരോ പുതിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതെല്ലാം കളവാണ്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ സിദ്ദീഖ് കാപ്പനെ കാണാനോ വീഡിയോ കോള്‍ ചെയ്യാനോ പോലും അനുവദിക്കുന്നില്ലെന്നും റെയ്ഹാനത്ത് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനടങ്ങുന്ന സംഘം എത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സിദ്ദീഖ് കാപ്പന്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചുവെന്ന് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു യു.പി സര്‍ക്കാരിന്റെ മറുപടി.

കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയാണെന്നും യു.പി സര്‍ക്കാര്‍ ആരോപിച്ചു. 2018 ല്‍ അടച്ചുപൂട്ടിയ മാധ്യമസ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡാണ് കാപ്പന്‍ ഉപയോഗിച്ചിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

കാപ്പന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ക്യാപസ് ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകരാണെന്നും യു. പി സര്‍ക്കാര്‍ പറഞ്ഞിരുന്നു. സിദ്ദീഖിന്റെ അറസ്റ്റ് സംബന്ധിച്ച് 20നകം വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ 16നാണ് സുപ്രിം കോടതി യു.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലായി 49 ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് സിദ്ദീഖിന് അഭിഭാഷകനുമായി സംസാരിക്കാന്‍ മഥുര ജയിലധികൃതര്‍ അനുമതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Wife of Siidique Kappan asks kerala CM to interfere in his case