ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം സാധാരണ മരണമായി കാണാനാകില്ലെന്ന്
ഭീമ കൊറേഗാവ് കേസില്‍ കുറ്റം ആരോപിച്ച് അറസ്റ്റിലായ ഡോ. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവീന.
സ്റ്റാന്‍ സ്വാമി ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഹൃദയം പൊട്ടിയാണ് അദ്ദേഹം മരിച്ചതെന്നും ജെന്നി റൊവീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘സാധാരണ മരണമായി കാണാന്‍ ഒരിക്കലും കഴിയില്ല. ജാമ്യം കിട്ടുമെന്ന് സ്റ്റാന്‍ സ്വാമി പ്രതീക്ഷിച്ചിരുന്നു. ജാമ്യം കിട്ടിയില്ല, അത് പരിഗണിക്കുന്നത് മാറ്റിയെന്ന് അറിഞ്ഞതിന് ശേഷമാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായതും വെന്റിലേറ്ററില്‍ ആക്കേണ്ടി വരുന്നതും.
സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു. സ്റ്റാന്‍ സ്വാമിക്ക് പോലും മനസിലാകുന്നുണ്ടായിരുന്നില്ല, എന്തിനാണ് തന്നെ പിടിച്ചുകൊണ്ട് പോയതെന്നും എന്തിനാണ് ജയിലിട്ടത് എന്നൊക്കെ. ഇതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റാതെ ഹൃദയം പൊട്ടിയാണ് സ്റ്റാന്‍ സ്വാമി മരിച്ചത്,’ ജെന്നി റൊവീന പറഞ്ഞു.
സ്റ്റാന്‍ സ്വാമി നേരിട്ട് വന്ന് തന്റെ വിറക്കുന്ന ശബ്ദത്തില്‍ പറഞ്ഞതാണ് തന്നെ ഹോസ്പിറ്റലിലേക്ക് അയക്കരുത്, നാട്ടിലേക്ക് പോകണമെന്ന്.
85 വയസ്സുള്ള ഒരു മനുഷ്യനെ എന്തിന്റെ പേരിലാണ് തടവിലിട്ടിരിക്കുന്നത്? അയാള്‍ക്ക് ഓടി പോകാന്‍ പറ്റുമോ? ഇത് തന്നെയാണ് മറ്റു ആക്ടിവിസ്റ്റുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്നും ജെന്നി കൂട്ടിച്ചേര്‍ത്തു.
ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് സ്റ്റാന്‍ സ്വാമി അന്തരിച്ചത്. ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്നതിനിടെയാണ് അന്ത്യം. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെയും ഹരജി നല്‍കിയിരുന്നു.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടി.
മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.
ഈ കേസില്‍ ഇതിനോടകം സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.