കോട്ടയം: തനിക്ക് നേരെയുള്ള സൈബർ അക്രമണത്തിനെതിരെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ പങ്കാളി ഗീതു തോമസ് പൊലീസിൽ പരാതി നൽകി. ഭർത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഗർഭിണിയായ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ മോശമായി ചിത്രീകരിച്ചു എന്നാണ് പരാതി.
കോട്ടയം എസ്.പിക്ക് പരാതി നൽകിയതായി ഗീതു മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് അനുകൂലമായ പ്ലാറ്റ്ഫോമിൽ നിന്നാണ് തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഗർഭിണിയെന്ന് പറയപ്പെടുന്ന ജെയ്ക്കിന്റെ ഭാര്യയെ വിട്ട് ജെയ്ക്ക് വോട്ട് ചോദിക്കുന്നു എന്ന ആക്ഷേപം വളരെയധികം വേദനിപ്പിച്ചു എന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മുതൽ നമുക്ക് അറിയുന്ന ആളുകൾ വിളിച്ച് ഇത് പറയുന്നുണ്ട്. അത്രയ്ക്കും എനിക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടായത് കൊണ്ടാണ് ഈ അവസ്ഥയിലും എനിക്ക് ഇവിടെ വരെ വരേണ്ടി വന്നതും നേരിട്ട് പരാതി കൊടുക്കേണ്ടി വന്നതും,’ ഗീതു പറഞ്ഞു.
ജെയ്ക്കിനെ ഒരു നാലാം തരക്കാരൻ എന്ന രീതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പോലും പറഞ്ഞുവെന്നും സ്വത്തിന്റെ പേരിലുള്ള ആരോപണങ്ങളിൽ ജെയ്ക്കിന്റെ മരിച്ചുപോയ അച്ഛനെതിരെ പോലും സൈബർ ആക്രമണങ്ങൾ ഉണ്ടായെന്നും ഗീതു പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയും സൈബർ ആക്രമണം ഉണ്ടായല്ലോ എന്ന ചോദ്യത്തിന് വ്യക്തിപരമായി ആർക്കുമെതിരെ ആക്രമണങ്ങൾ പാടില്ലെന്നും അതിൽ രാഷ്ട്രീയം കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഗീതു പറഞ്ഞു.
‘കഴിഞ്ഞ തവണ ജെയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഞാൻ പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ടായിരുന്നു. അന്ന് മാധ്യമ കവറേജ് ഉണ്ടായിരുന്നില്ലെന്ന് മാത്രം. അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് വന്നതും ജെയ്ക്ക് മത്സരിക്കുന്നതും ഞാൻ ഒമ്പത് മാസം ഗർഭിണി ആയപ്പോഴാണ്. കഴിഞ്ഞ തവണത്തെ പോലെ ഇറങ്ങാൻ പറ്റുന്നില്ലെങ്കിലും എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അയൽ വീടുകളിൽ ഞാൻ വോട്ട് ചോദിയ്ക്കാൻ പോകുന്നത്,’ ഗീതു പറഞ്ഞു.
ഗീതുവിനെതിരായ സൈബർ ആക്രമണം മ്ലേച്ഛമാണെന്ന് ജെയ്ക്ക് സി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഗീതു തനിക്ക് പരിചയമുള്ള ചിലയിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും സൈബർ ഇടത്തിലും പുറത്തുമുള്ള അധിക്ഷേപം ആർക്കെതിരെ വന്നാലും തെറ്റാണെന്നും ജെയ്ക്ക് പറഞ്ഞു. സൈബർ ആക്രമണത്തിൽ കോൺഗ്രസിന്റെ നിലപാട് അറിയാൻ കൗതുകമുണ്ടെന്നും പ്രബുദ്ധതയുള്ള പുതുപ്പള്ളിയിലെ വോട്ടർമാർ എല്ലാം തീരുമാനിക്കട്ടെയെന്നും ജെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു.
വികസനവും സൈബർ ആക്രമണവും വലിയ രീതിയിൽ ചർച്ചയായ പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ പരസ്യ പ്രചരണം നാളെ അവസാനിക്കും. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
Content Highlight: Geethu wife of Jaick C thomas lodge complaint against cyber attack