| Wednesday, 1st January 2025, 8:34 am

പർദ്ദ ധരിക്കാത്തതിന്റെ പേരിൽ ഭാര്യയുമായി ബന്ധം വേർപെടുത്താൻ സാധിക്കില്ല: അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: ഭാര്യ പർദ്ദ ധരിക്കാത്തതിനാൽ വിവാഹ മോചനം നൽകാൻ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാര്യ പർദ്ദ ധരിക്കാത്തതും വർഷങ്ങളായി അകന്ന് നിന്നതും തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതിനാൽ വിവാഹ മോചനം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.

എന്നാൽ പർദ്ദ ധരിക്കണോ വേണ്ടയോ എന്നത് ഭാര്യയുടെ സ്വന്തം ഇഷ്ടമാണെന്ന് കോടതി വിലയിരുത്തി. ഇതിൽ ഭർത്താവിന് മാനസിക സംഘർഷങ്ങൾ ഉണ്ടാകാനുള്ള ഒന്നും തന്നെയില്ലെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ വർഷങ്ങളായി അകന്ന് നിന്നത് മാനസിക സംഘർഷത്തിന് വഴിയൊരുക്കുമെന്നും കോടതി പറഞ്ഞു.

ഭാര്യ മാനസികമായി തന്നോട് ക്രൂരത കാണിച്ചു എന്ന് പറഞ്ഞുകൊണ്ട് വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹരജി തള്ളിയതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ബെഞ്ച്. ജസ്റ്റിസുമാരായ സൗമിത്ര ദയാൽ സിങ് , ഡൊണാദി രമേഷ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അപ്പീൽ പരിഗണിച്ചത്.

ജസ്‌റ്റിസ് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഇതിൽ ക്രൂരത ഒന്നും തന്നെയില്ലെന്നും ഭാര്യ സ്വതന്ത്ര ഇച്ഛാശക്തിയുള്ള വ്യക്തി ആണെന്നും പറഞ്ഞു. ഭാര്യക്ക് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഉ ണ്ടെന്നും കോടതി വിധിച്ചു.

‘ഭാര്യ സ്വന്തമായി ചിന്തിച്ച് പ്രവർത്തിക്കാൻ കഴിവുള്ള വ്യക്തിയാണ് നിയമവിരുദ്ധമോ അധാർമ്മികമോ ആയ ഒരു ബന്ധവും ഉണ്ടാക്കാതെ സ്വന്തമായി യാത്ര ചെയ്യുകയോ അല്ലെങ്കിൽ സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നതിനെ ക്രൂരതയായി കണക്കാക്കാൻ പാടില്ല,’ , ബെഞ്ച് പറഞ്ഞു.

എന്നാൽ ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചത് മാനസിക സംഘർഷം ഉണ്ടാക്കുമെന്നും അതിനാൽ വിവാഹമോചനം നൽകാൻ സാധിക്കുമെന്നും കോടതി പറഞ്ഞു. ഒപ്പം ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന ഭർത്താവിന്റെ വാദം തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

ഭാര്യ ഭർത്താവുമായുള്ള സഹവാസം നിരസിക്കുക മാത്രമല്ല, അവളുടെ ദാമ്പത്യാവകാശങ്ങൾ വീണ്ടെടുക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ വിവാഹബന്ധം വേർപെടുത്താനുള്ള ഭർത്താവിന്റെ ഹരജി കോടതി ശരിവെച്ചു.

Content Highlight: Wife not observing ‘parda’ cannot entitle husband to obtain divorce: Allahabad HC

Latest Stories

We use cookies to give you the best possible experience. Learn more