national news
ഭര്‍ത്താവിനെ കൊന്ന് വീട്ട് മുറ്റത്തെ മരത്തിന് ചുവട്ടില്‍ കുഴിച്ചിട്ടു; മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 19, 03:02 am
Monday, 19th April 2021, 8:32 am

തെങ്കാശി: ഭര്‍ത്താവിനെ കൊന്ന് വീട്ട് മുറ്റത്തെ മരത്തിന് ചുവട്ടില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റില്‍. തെങ്കാശി കുത്തുകല്‍ സ്വദേശിയായ അഭിരാമിയെ ആണ് പൊലീസ് പിടികൂടിയത്. കൊല നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് അഭിരാമിയെ പിടികൂടിയത്.

നാല് വര്‍ഷം മുമ്പാണ് അഭിരാമിയും ഭര്‍ത്താവായിരുന്ന കാളിരാജും വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പിന്നീട് മൂന്ന് വര്‍ഷം മുമ്പ് കാളിരാജിനെ കാണാതാവുകയായിരുന്നു.

കാളിരാജ് നാടുവിട്ടുപോയി എന്നായിരുന്നു അഭിരാമി ആളുകളോട് പറഞ്ഞത്. എന്നാല്‍ തന്റെ മകനെ കാണാനില്ലെന്ന് കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാളിരാജിന്റെ സുഹൃത്തിനൊപ്പം അഭിരാമി താമസം തുടങ്ങിയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് അഭിരാമിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെയാണ് കാമുകനൊപ്പം താമസിക്കുന്നതിനായി കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നെന്നും വീടിന് മുന്നിലെ മരത്തിന് ചുവട്ടില്‍ കുഴിച്ചുമൂടിയെന്നും മൊഴി നല്‍കിയത്.

പിന്നീട് നടത്തിയ പരിശോധനയില്‍ കാളിരാജിന്റെ അസ്ഥികള്‍ ലഭിക്കുകയും ഡി.എന്‍.എ പരിശോധനയില്‍ അസ്ഥികള്‍ കാളിരാജിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ അഭിരാമിക്കൊപ്പം കൊലപാതകത്തിന് കൂട്ട് നിന്ന കാമുകനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Wife Killed her husband and buried under a tree in the backyard; arrested three years later