| Monday, 9th April 2018, 7:50 am

ഭാര്യ വസ്തുവോ ജംഗമസ്വത്തോ അല്ല; ഒപ്പം താമസിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭാര്യ ഒരു വസ്തുവോ ജംഗമസ്വത്തോ അല്ലെന്നും നിര്‍ബന്ധപൂര്‍വം കൂടെ താമസിപ്പിക്കാനാവില്ലെന്നും സുപ്രീംകോടതി. ഭര്‍ത്താവിന് അവരോടൊപ്പം താമസിക്കണമെന്നാണ് ആഗ്രഹമെങ്കില്‍പ്പോലും അങ്ങനെ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഭര്‍ത്താവില്‍നിന്നുള്ള ശാരീരിക-മാനസിക പീഡനമാരോപിച്ച് യുവതി നല്‍കിയ ക്രിമിനല്‍ക്കേസ് പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തയ്യാറല്ലെന്ന് സ്ത്രീയും ഒപ്പം താമസിക്കണമെന്ന് ഭര്‍ത്താവും നിലപാടെടുത്തതിനെത്തുടര്‍ന്ന് ഭാര്യ നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷണം.

“അവര്‍ക്ക് നിങ്ങളോടൊപ്പം കഴിയാന്‍ ഇഷ്ടമില്ല, അവരുടെയൊപ്പം താമസിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാന്‍കഴിയുക? ആ ആവശ്യം ഉപേക്ഷിക്കുകയാണ് നല്ലത്” കോടതിയില്‍ ഹാജരായ യുവാവിനോട് ബെഞ്ച് പറഞ്ഞു. ആവശ്യം യുക്തിരഹിതമാണെന്ന് കക്ഷിയെ ബോധ്യപ്പെടുത്തണമെന്ന് യുവാവിന്റെ അഭിഭാഷകനോടും കോടതി നിര്‍ദേശിച്ചു.

ക്രൂരനായ ഇയാള്‍ക്കൊപ്പം ജീവിക്കാനാവില്ലെന്നും വിവാഹമോചനമാണ് തന്റെ കക്ഷി ആഗ്രഹിക്കുന്നതെന്നുമായിരുന്നു കോടതിയില്‍ യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞത്. “ശാരീരിക-മാനസിക പീഡനമാരോപിച്ച് നല്‍കിയ കേസ് പിന്‍വലിക്കാം. ജീവനാംശവും വേണ്ട. പക്ഷേ, വിവാഹമോചനം വേണം” യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന്, കോടതി കേസ് ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി.

Latest Stories

We use cookies to give you the best possible experience. Learn more