ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാനായി ഭര്‍ത്താവ് മരിച്ചതായി വ്യാജ രേഖയുണ്ടാക്കി ഭാര്യ.
കട്ടക്ക് ജില്ലയിലെ ഗീതാഞ്ജലി ദട്ടയാണ് ജൂണ്‍2ന് നടന്ന ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതായി രേഖയുണ്ടാക്കിയത്. ഭര്‍ത്താവിന്റേതാണെന്ന പേരില്‍ ഒരു മൃതദേഹവും ഇവര്‍ തെരഞ്ഞെടുത്തു. എന്നാല്‍ ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോഴാണ് പറയുന്നത് തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് താക്കീത് നല്‍കി പൊലീസ് ഇവരെ പറഞ്ഞയക്കുകയായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ഭര്‍ത്താവ് ബിജയ് മണിയബന്ധ പൊലീസില്‍ പരാതി നല്‍കി. അറസ്റ്റ് ഭയന്ന് ഗീതാഞ്ജലി ഇപ്പോള്‍ ഒഴിവില്‍ കഴിയുകയാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 13 വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ഉണ്ടാക്കിയതിനും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുക കൈക്കലാക്കാന്‍ ശ്രമിച്ചതിനും ഗീതാഞ്ജലിക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ബിജയ് ആവശ്യപ്പെട്ടു. സംഭവം നടന്ന ബലസോറിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഗീതാഞ്ജലിയുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിബന്ധ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബസന്ത് കുമാര്‍ സദ്പതി പറഞ്ഞു.
അതേസമയം മരണവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പൊലീസിനോടും റെയില്‍വേയോടും ചീഫ് സെക്രട്ടറി പി.കെ ജെന ആവശ്യപ്പെട്ടു.
നേരത്തെ, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഞ്ച് ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ജൂണ്‍ രണ്ടിന് ഏഴ് മണിക്കായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അപകടം നടക്കുന്നത്. ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ട ചരക്ക് ട്രെയ്നില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ പാളം തെറ്റുകയും ആ സമയം അതുവഴി വന്ന യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയതായി ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. 205 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും ബന്ധുക്കള്‍ക്ക് കൈമാറിയതായും ചീഫ് സെക്രട്ടറി പി.കെ ജെന അറിയിച്ചു.
Content Highlight: wife fakes death of her husband to get compendation in odisha train accident