ചെന്നൈയുടെ ജഴ്‌സി ധരിക്കാന്‍ ഭാര്യ സമ്മതിച്ചില്ല; ഐ.പി.എല്ലിനിടെ ബാംഗ്ലൂര്‍ ജഴ്‌സിയണിഞ്ഞ ചെന്നൈ ആരാധകന്റെ പ്ലക്കാര്‍ഡ് വൈറലാകുന്നു
ipl 2021
ചെന്നൈയുടെ ജഴ്‌സി ധരിക്കാന്‍ ഭാര്യ സമ്മതിച്ചില്ല; ഐ.പി.എല്ലിനിടെ ബാംഗ്ലൂര്‍ ജഴ്‌സിയണിഞ്ഞ ചെന്നൈ ആരാധകന്റെ പ്ലക്കാര്‍ഡ് വൈറലാകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th September 2021, 6:12 pm

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പതിനാലാം സീസണിലെ നിര്‍ത്തിവെച്ച മത്സരങ്ങള്‍ ദുബായില്‍ പുരോഗമിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ മുന്‍പന്തിയിലാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ ഒരു ആരാധകന്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബാംഗ്ലൂര്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ ഒരു യുവാവ്, ‘എന്റെ ഭാര്യ എന്നെ ചെന്നൈയുടെ ജഴ്‌സി ധരിക്കാന്‍ അനുവദിച്ചില്ല’ എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി യുവാവ് പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പുറത്തുവിടുകയായിരുന്നു. ‘ലവ് ഈസ് കളര്‍ ബ്ലൈന്‍ഡ്’ എന്നായിരുന്നു സി.എസ്.കെ ഈ ഫോട്ടോയോടൊപ്പം ട്വിറ്ററില്‍ കുറിച്ചത്.

17,000ല്‍ അധികം ലൈക്കുകളും ട്വിറ്ററില്‍ പോസ്റ്റിന് ലഭിച്ചു. ഒരുപാട് പേര്‍ പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തു.

ചെന്നൈ ടീമിന്റെ ആരാധകരോടുള്ള കരുതലിനെ പരാമര്‍ശിച്ചും കമന്റുകള്‍ വന്നു. ‘നിങ്ങള്‍ നിങ്ങളുടെ ആരാധകരുമായി കണക്ട് ചെയ്യുന്നതിനെ മറ്റൊരു ടീമുമായും താരതമ്യപ്പെടുത്താന്‍ ആവില്ല,’ എന്നായിരുന്നു ഒരു ആരാധകന്‍ എഴുതിയത്.

സി.എസ്.കെയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ സൂചിപ്പിച്ച് കൊണ്ടും കമന്റുകള്‍ വന്നു. ‘ ടീം സി.എസ്.കെ ആണെങ്കില്‍ ഓരോ വര്‍ഷവും ജഴ്‌സി മാറ്റേണ്ട ആവശ്യം വരില്ല എന്ന് അവരോട് പറയൂ,’ എന്നായിരുന്നു കമന്റ്.

ഫോട്ടോയിലെ യുവാവിനെ വിമര്‍ശിച്ചു കൊണ്ടും ഒരുപാട് പേര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തു. ബാംഗ്ലൂര്‍ ടീമിനോട് വിശ്വാസ്യത കാണിക്കാത്ത ആരാധകനാണ് ഇയാള്‍ എന്ന രീതിയിലായിരുന്നു കമന്റുകള്‍.

വെള്ളിയാഴ്ച നടന്ന ഈ മത്സരത്തില്‍ ആറ് വിക്കറ്റിന് ചെന്നൈ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ 16 പോയിന്റുമായി പോയിന്റ് പട്ടികയിലും ചെന്നൈ ഒന്നാമതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: “Wife Didn’t Allow”: CSK Fan’s Honest Banner During IPL Goes Viral