കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയിലുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഇതോടെ ജൂണ്‍ 8 മുതല്‍ ഇതുവരെ 24 വരെ പേരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നും വ്യാപകമായ അക്രമമാണ് നടക്കുന്നത്.
അഞ്ച് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു സി.പി.ഐ.എം പ്രവര്‍ത്തകനും ഒരു ബി.ജെ.പി പ്രവര്‍ത്തകനും ഒരു സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയുടെ അനുയായിയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
കൂച്ച്ബിഹാറിലടക്കം പല സ്ഥലങ്ങളില്‍ ബോംബേറും നടന്നിട്ടുണ്ട്.
അതേസമയം കേന്ദ്ര സേനയുടെ സഹായത്തോടെ ബി.ജെ.പി ആക്രമണം അഴിച്ചുവിടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യത്തെ തൃണമൂല്‍ കശാപ്പ് ചെയ്യുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു. സി.പി.ഐ.എമ്മും പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധത്തിക്കുമെന്ന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് വലിയ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കുമ്പോഴും അക്രമ സംഭവങ്ങള്‍ തടയാന്‍ സാധിക്കുന്നില്ലെന്നാണ് ഇന്ന് ബംഗാളില്‍ കാണുന്നത്.
അതേസമയം പ്രതികരണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ് ബോസും രംഗത്തെത്തി. രാവിലെ മുതല്‍ താന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും ആളുകള്‍ പോളിങ് ബൂത്തില്‍ പോകാന്‍ അനുവദിക്കാത്ത ഗുണ്ടകളെ കുറിച്ച് ജനങ്ങള്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
11 മണിവരെയുള്ള കണക്കനുസരിച്ച് 22. 65 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
content highlights: Widespread violence during elections in Bengal; Eight people were killed; The ballot papers were destroyed