പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിെന്റ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി താരത്തെ അയോഗ്യയാക്കിയത്. ഇതോടെ ഇന്ത്യ ഉറപ്പിച്ച ഒരു മെഡലാണ് നഷ്ടമായതും.
ഇന്നലെ നടന്ന മത്സരങ്ങള്‍ക്ക് മുമ്പും വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സ് നിയമപ്രകാരമുള്ള ഭാരപരിശോധനക്ക് വിധേയയായിരുന്നു. ഈ ഭാരപരിശോധനയിലെല്ലാം വിനേഷിന്റെ ശരീരഭാരം കൃത്യമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ വിനേഷിന്റെ ശരീരഭാരം ഏതാണ്ട് രണ്ട് കിലോ ഗ്രാമോളം അധികമായിരുന്നു.
ഇന്നലെ സെമി ഫൈനല്‍ മത്സരത്തില്‍ ജയിച്ചശേഷം വിനേഷ് ഫോഗട്ട് ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്തിരുന്നു. താരം ഇന്നലെ രാത്രിമുതല്‍ ഉറങ്ങാതെ എക്‌സസൈസില്‍ ഏര്‍പ്പെടുകയായിരുന്നു.
ഒരു ദിവസംകൊണ്ട് വിനേഷിന്റെ ഭാരത്തില്‍ എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്നും ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന ചോദ്യവുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. ഒളിമ്പിക്‌സ് നിയമപ്രകാരം അയോഗ്യയായ ഫോഗട്ടിന് വെള്ളിമെഡല്‍ പോലും ലഭിക്കില്ല.
Content Highlight: Widespread protests over Vinesh Phogat’s disqualification