ന്യൂദല്‍ഹി: ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡില്‍ വ്യാപക പ്രതിഷോധം. ബി.ജെ.പി സര്‍ക്കാരിന്റെ മാധ്യമങ്ങള്‍ക്കെതിരായ പുതിയ ആക്രമണമാണിതെന്ന് ഇന്ത്യ അലയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. സത്യം പറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാരും അന്വേഷണ ഏജന്‍സികളും
പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും ഇന്ത്യ മുന്നണി കുറ്റപ്പെടുത്തി.
‘സത്യം പറയുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ മാത്രമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടികള്‍. വിരോധാഭാസമെന്ന് പറയട്ടെ, രാജ്യത്ത് വിദ്വേഷവും വിഭജനവും വളര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ
ബി.ജെ.പി സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കുകയാണ്,’ ഇന്ത്യ മുന്നണി പ്രസ്താവനയില്‍ പറഞ്ഞു.
വിഷയത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ആശങ്ക രേഖപ്പെടുത്തി. ചൊവ്വാഴ്ച നടന്ന റെയ്ഡുകള്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് വിലയിരുത്തേണ്ടതുണ്ടെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.
നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്ന ഒരു പൊതു അന്തരീക്ഷം കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കരുത്. അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിപ്പുള്ളതും വിമര്‍ശനാത്മകവുമായ ശബ്ദങ്ങള്‍ ഉയര്‍ത്തുന്നതിനെ തടസ്സപ്പെടുത്തരുതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു.
ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ച് ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ റെയ്ഡ് നടന്നത്. ഒമ്പത് മണിക്കൂര്‍ നീണ്ട റെയ്ഡ് നിലവില്‍ അവസാനിച്ചിട്ടുണ്ട്. രാവിലെ ആറ് മണിമുതലാണ് ദല്‍ഹി പൊലീസിന്റെ റെയ്ഡ് നടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്ററെ സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കാരണമാണ് യെച്ചൂരിക്ക് ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിയ വസതിയില്‍ റെയ്ഡ് നടന്നത്.
അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രരാണെന്നും മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്ലെന്നുമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന്റെ വിശദീകരണം.
Content Highlight: Widespread protests over the raid on the houses of Newsclick journalists