വാഷിങ്ടണ്‍: സമൂഹ മാധ്യമമായ ടിക് ടോക്ക് നിരോധിക്കുന്നതിനായി യു.എസ് കോണ്‍ഗ്രസ് ബില്‍ പാസാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. ഫലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ ബില്‍ പാസാക്കിയതെന്ന് ഉപയോക്താക്കള്‍ ആരോപിച്ചു.
352-65 വോട്ടുകള്‍ക്ക് ആണ് ബില്‍ പാസായത്. ബില്‍ നിലവില്‍ വന്നതോടെ അമേരിക്കയില്‍ ടിക് ടോക്കിന് തടസം നേരിട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബില്‍ നിയമമാകണമെങ്കില്‍ സെനറ്റ് അംഗീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്ലാറ്റ്ഫോം ബില്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതെന്നും അധികൃതര്‍ പറഞ്ഞു.
യു.എസ് കോണ്‍ഗ്രസിന്റെ തീരുമാനത്തിന് പിന്നില്‍ ചൈനയോടുള്ള വൈരാഗ്യമാണെന്ന് ഏതാനും മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടി. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ടിക് ടോക്കിലെ വീഡിയോകളോടുള്ള രോക്ഷമാണ് വേഗത്തിലുള്ള നടപടിക്ക് കാരണമായതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ടിക് ടോക്കിനെ നിരോധിക്കുകയല്ല ഇസ്രഈലി ഗ്രൂപ്പുകളുടെ ലക്ഷ്യമെന്നും മറിച്ച് ഇസ്രഈലിന് പിന്തുണ നല്‍കുന്ന സ്ഥാപനം അപ്ലിക്കേഷന്‍ സ്വന്തമാക്കുക എന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Widespread protests against US Congress passing bill to ban TikTok