| Sunday, 27th October 2024, 9:41 am

ഫലസ്തീന്‍ സിനിമകളുടെ പ്ലേലിസ്റ്റ് നീക്കം ചെയ്ത നെറ്റ്ഫ്‌ളിക്‌സിനെതിരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വീണ്ടും വിവാദത്തില്‍. ഫലസ്തീന്‍ ഉള്ളടക്കമുള്ള സിനിമകള്‍ ഉള്‍ക്കൊള്ളുന്ന പ്ലേലിസ്റ്റ് നീക്കം ചെയ്ത നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്രഈല്‍ അധിനിവേശത്തിന്‌ കീഴിലുള്ള ഫലസ്തീന്‍ ജനതയുടെ ജീവിതം വരച്ചുകാട്ടുന്ന 32 ഫീച്ചര്‍ സിനിമകളും ‘ഫലസ്തീനിയന്‍ സ്റ്റോറീസ്’ എന്ന വിഭാഗത്തില്‍പ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തിരിക്കുന്നത്.

അതേസമയം യു.എസിലെ ഇസ്രഈല്‍ ലോബികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് സിനിമകള്‍ നീക്കം ചെയ്യപ്പെട്ടതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സിനിമകളുടെ ലൈസന്‍സ് കാലഹരണപ്പെട്ടതിനാലാണ് ഇത്തരം ഒരു മാറ്റം ഉണ്ടായതെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിശദീകരണം.

എന്നാല്‍ മനുഷ്യാവകാശ സംഘടനകളടക്കം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫലസ്തീനുമായി ബന്ധപ്പെട്ട സിനിമകള്‍ പെട്ടെന്ന് നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീഡം ഫോര്‍വേര്‍ഡ് എന്ന സംഘടന നെറ്റ്ഫ്‌ളിക്‌സിന് കത്ത് അയച്ചിട്ടുണ്ട്.

2021 ഒക്ടോബറില്‍ ഫലസ്തീന്‍ സിനിമകള്‍ ഉള്‍പ്പെട്ട പ്ലേലിസ്റ്റ് ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ തീവ്രവലതുപക്ഷ ഇസ്രഈല്‍ നിരീക്ഷകനായ ഇം ടിര്‍ട്ട് നെറ്റ്ഫ്‌ളിക്സിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെന്ന് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രഈലിനെതിരായ ബഹിഷ്‌കരണം, വിഭജനം, ഉപരോധം എന്നിവയെ പിന്തുണക്കുന്നതാണ് അവ എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.

എന്നാല്‍ അന്ന് ലോകമെമ്പാടുമുള്ള കലാ സ്വാതന്ത്ര്യത്തിനും ആധികാരികമായ കഥപറച്ചിലിനുമുള്ള പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. ഫലസ്തീന്‍ ജനതയുടെ അനുഭവത്തിന്റെ ആഴം കാണിക്കാനും ആളുകളുടെ ജീവിതം, സ്വപ്നങ്ങള്‍, കുടുംബങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവ പരിചയപ്പെടുത്താനുമാണ് ഈ പ്ലേലിസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് നെറ്റ്ഫ്‌ളിക്‌സ് ഇതിനെ പ്രതിരോധിച്ചത്.

ഫലസ്തീന്‍ അനുകൂല സാമൂഹ്യനീതി സംഘടനയായ കോഡ്പിങ്കും നെറ്റ്ഫ്‌ളിക്‌സിന്റെ തീരുമാനത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫലസ്തീനികളുടെ കഥകളും ജനകീയ സംസ്‌കാരത്തില്‍ നിന്നുള്ള കാഴ്ചപ്പാടുകളും അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനമെന്നാണ് കോഡ്പിങ്ക് പ്രതികരിച്ചത്.

Content Highlight: Widespread protests against Netflix for removing playlist of Palestinian films

We use cookies to give you the best possible experience. Learn more