| Tuesday, 16th April 2024, 3:18 pm

വടകരയ്ക്ക് മാത്രമല്ല കേരളത്തിനൊട്ടാകെ അപമാനം; കെ.കെ. ശൈലജക്കെതിരെയുള്ള സൈബറാക്രമണത്തില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കെതിരെ നടക്കുന്ന സൈബറാക്രമണത്തില്‍ വ്യാപക പ്രതിഷേധം. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.കെ. ശൈലജക്കെതിരെ വ്യാപകമായി വ്യാജ വാര്‍ത്തകളും അധിക്ഷേപ പരാമര്‍ശങ്ങളും പ്രചരിച്ചിരുന്നു. അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു.

തിങ്കളാഴ്ച തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങളിലും അധിക്ഷേപങ്ങളിലും കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലും കോണ്‍ഗ്രസിന്റെ മീഡിയ വിങ്ങും നിരന്തരം വ്യക്തിഹത്യ ചെയ്യുകയാണെന്ന് കെ.കെ. ശൈലജ ചൂണ്ടിക്കാട്ടിയിരുന്നു. തന്നോടുള്ള വോട്ടര്‍മാരുടെ അനുകൂല നിലപാടില്‍ വിറളിപൂണ്ടിട്ടാണ് യു.ഡി.എഫ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ.കെ. ശൈലജ പറഞ്ഞിരുന്നു.

എന്നാല്‍ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കെ.കെ. ശൈലജക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന രീതിയിലുള്ള അശ്ലീല പരാമര്‍ശങ്ങളാണ് നിലവില്‍ നടക്കുന്നത്. കെ.കെ. ശൈലജയുടെ തന്നെ വാര്‍ത്തകള്‍ക്ക് താഴെ നിരവധി അശ്ലീല കമന്റുകളാണ് പോസ്റ്റ് ചെയ്യുന്നത്.

ഇത്തരത്തിൽ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

കെ.കെ. ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. ‘കടുത്ത സൈബര്‍ ആക്രമണത്തിന് വിധേയ ആവുകയാണ് ശൈലജ ടീച്ചര്‍. അതിശക്തമായി ഇതിനെ എതിര്‍ത്തേ മതിയാകൂ. അതിന് ആദ്യം മുന്നോട്ട് വരേണ്ടയാള്‍ കെ.കെ.രമ ആയിരിക്കണം. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ. വ്യക്തിപരമായി തോല്‍ക്കരുത്. അതിന് കേരളം അവര്‍ക്കൊപ്പം നില്‍ക്കണം. കെ.കെ.രമ ഇതേ അവസ്ഥയിലൂടെ കടന്നുപോയപ്പോഴും കൂടെ നിന്നിട്ടുണ്ട്.
അതും ചോദിച്ച് ആരും വരണ്ട. അത് ഏറ്റവും നന്നായി അറിയുന്നതും അവര്‍ക്ക് തന്നെ എന്നു കരുതുന്നു,’ എന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പ്രതികരിച്ചു.

‘കേരളത്തില്‍ എല്‍.ഡി.എഫിന്റെതും യു.ഡി.എഫിന്റേതുമായി 40 സ്ഥാനാര്‍ത്ഥികളുണ്ട്. അവരില്‍ അതിനീചവും നിരന്തരമായ വ്യക്തിഹത്യാശ്രമം നേരിടുന്നത് ഒരേയൊരു സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചര്‍ ആണ്. മന്ത്രി എന്ന നിലയില്‍ അവരെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്യാം, സമീപനങ്ങളെ വിമര്‍ശിക്കാം, ആരോപണങ്ങള്‍ ഉന്നയിക്കാം. രാഷ്ട്രീയമായി എതിര്‍ക്കാം. പക്ഷെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അവരെ ആക്രമിക്കുന്നത് അവര്‍ക്കോ അവരുടെ പാര്‍ട്ടിക്കാര്‍ക്കോ വടകരക്കാര്‍ക്കോ മാത്രമല്ല ഒരു കേരളീയനും അംഗീകരിക്കാന്‍ സാധ്യമല്ല. ഈ പരിപാടി നിര്‍ത്തണം,’ മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ലോകമാദരിക്കുന്ന കേരളത്തിന്റെ വലിയ നേതാവിനെതിരെ ഞരമ്പ് രോഗികളെ കൊണ്ടും ക്രിമിനലുകളെ കൊണ്ടും സൈബര്‍ ബുള്ളിയിങ് നടത്തി വിജയിക്കാമെന്നുള്ള വ്യാമോഹങ്ങള്‍ വിചിത്രമാണ്. ഈ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാംസ്‌കാരിക ലോകമൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ പ്രതിഷേധിക്കുന്ന, പ്രതികരിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തരോട് ഐക്യപ്പെടുന്നു,’ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ഇത്തരത്തില്‍ നിരവധി പ്രതികരണങ്ങളാണ് കെ.കെ. ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ വരുന്നത്. ഇടതു സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചും കൂട്ടമായി സൈബര്‍ ആക്രമണം നടത്തുന്നവരെ എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.

തുടര്‍ച്ചയായ ഈ സൈബറാക്രമണത്തിന് പിന്നില്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആണെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം. കെ.കെ. ശൈലജക്കെതിരെ മാത്രമല്ല ഇടതു മുന്നണിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും വൃത്തികെട്ട രീതിയില്‍ സൈബറാക്രമണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എന്റെ വടകര കെ.എല്‍18 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നിരന്തരമായി വ്യാജമായതും മോശമായതുമായ സന്ദേശങ്ങള്‍ അപ്ലോഡ് ചെയ്യപ്പെടുന്നതെന്ന് കെ.കെ. ശൈലജ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ മോശമായ ഒരു പ്രതിസന്ധി ഘട്ടത്തില്‍ അകപ്പെട്ടപ്പോള്‍ അവരോടൊപ്പം നിന്ന് ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ആ വിഷയങ്ങളെ പ്രതിരോധിക്കുകയാണ് ചെയ്തത്. ഒരുപക്ഷെ അതുകൊണ്ടെല്ലാം തനിക്ക് കിട്ടിപ്പോരുന്ന ജനപിന്തുണയില്‍ ഭയന്നിട്ടാവാം യു.ഡി.എഫ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Widespread protests against K.K. Shailaja’s cyber attack

We use cookies to give you the best possible experience. Learn more