മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. സുരക്ഷാ ബാരിക്കേടുകള്‍ മറികടന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍പേഴ്‌സണടക്കമുള്ളവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംഘപരിവാര്‍, കാവി വിരുദ്ധ വാചകങ്ങള്‍ എഴുതിയ വസ്ത്രങ്ങള്‍ ധരിച്ചും കരിങ്കൊടിയും കറുത്ത ബലൂണുകളും ഉപയോഗിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.
തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്നും, എസ്.എഫ്.ഐ ഗുണ്ടകളുടെ വിദ്യാര്‍ത്ഥി സംഘടനയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് സുരക്ഷയില്‍ പ്രതിഷേധിക്കാന്‍ അയക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
മിഠായി തെരുവില്‍ സന്ദര്‍ശനം നടത്തിയ തനിക്കെതിരെ ഒരാളുപോലും പ്രതിഷേധം നടത്തിയില്ലെന്നും സര്‍വകലാശാലയില്‍ മാത്രം എന്തുകൊണ്ട് തനിക്കെതിരെ പ്രതിഷേധം നടക്കുന്നുവെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് ചോദിച്ചു.
വിദ്യാര്‍ത്ഥി പ്രതിഷേധത്തിലുള്ള ഗവര്‍ണരുടെ പ്രതികരണങ്ങളെ കുറിച്ച് ചോദ്യം ഉയര്‍ത്തിയതില്‍ ‘ഗെറ്റ് ലോസ്റ്റ്’ എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഗവര്‍ണര്‍ ദേഷ്യപ്പെടുകയും ചെയ്തു.
അതേസമയം സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറില്‍ അധ്യക്ഷനാകേണ്ട യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എന്‍.കെ. ജയരാജ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Widespread protest of SFI against the Governor in Calicut University