| Tuesday, 26th March 2024, 10:27 am

പി.സി. ജോര്‍ജിനെ തള്ളി ബി.ജെ.പി; മാഹിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കനത്ത പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: മാഹിയെക്കുറിച്ചുള്ള ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബി.ജെ.പി മാഹി മേഖല കമ്മിറ്റി. പി.സി. ജോര്‍ജിന്റെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് മേഖല കമ്മിറ്റി പ്രസിഡന്റ് സി. ദിനേശന്‍ പറഞ്ഞു. കോഴിക്കോട് വെച്ച് നടന്ന പ്രസംഗത്തിലാണ് പി.സി.ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്.

സാംസ്‌കാരിക പൈതൃകമുള്ള മാഹി ജനതയെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധിക്ഷേപിച്ചതിനെ തള്ളിക്കളയുന്നുവെന്നും സി. ദിനേശന്‍ വ്യക്തമാക്കി. പി.സി. ജോര്‍ജ് ബി.ജെ.പിയുടെ വക്താവല്ലെന്നും ദിനേശന്‍ പറഞ്ഞു.

മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്. രാത്രി കാലങ്ങളില്‍ മയ്യഴി വഴി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമാണ് മയ്യഴിയെന്നും ബി.ജെ.പി നേതാവ് ആരോപിച്ചിരുന്നു.

അതേസമയം പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. പി.സി. ജോര്‍ജിന്റെ പ്രസ്താവന മാഹി ജനതയെ അധിക്ഷേപിക്കുന്നതാണെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ ചൂണ്ടിക്കാട്ടി.

‘സ്ത്രീകള്‍ അടങ്ങുന്ന മയ്യഴിയിലെ ജനതയെ പി.സി. ജോര്‍ജ് അപമാനിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും പി.സി. ജോര്‍ജിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകും,’ എന്ന് രമേശ് പറമ്പത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ വനിതാ കമ്മീഷനടക്കം ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാഹിയിലും തലശ്ശേരിയിലുമായി ബി.ജെ.പി നേതാവിനെതിരെ നിലവില്‍ വന്‍ പ്രതിഷേധം നടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Widespread protest in Mahi against P.C. George

We use cookies to give you the best possible experience. Learn more