| Thursday, 8th February 2024, 8:46 pm

ഉത്തര്‍പ്രദേശ്-ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ വ്യാപക പ്രതിഷേധം; മാര്‍ച്ച് നിയന്ത്രിക്കാനാവാതെ യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്-ദല്‍ഹി അതിര്‍ത്തിയിലേക്കുള്ള കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് യു.പി സര്‍ക്കാര്‍. കര്‍ഷകര്‍ തലസ്ഥാന നഗരിയില്ലേക്ക് കടക്കുന്നത് തടയുന്നതിനായി സര്‍ക്കാര്‍ ഹെവി ഡ്യൂട്ടി ബുള്‍ഡോസറുകള്‍, ജലപീരങ്കികള്‍, ക്രെയിനുകള്‍, വിക്രാന്ത് ലോജിസ്റ്റിക് വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്‍.ടി.പി.സി, ദാദ്രി എന്നിവിടങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്, നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും 160 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തെത്തിയത്. പാര്‍ലമെന്റിനെ ഘരാവോ ചെയ്യണമെന്ന് കര്‍ഷകര്‍ ആഹ്വാനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ് എന്‍.ടി.പി.സിക്ക് (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍) ഭൂമി നല്‍കിയ കര്‍ഷകര്‍ ഏകീകൃത നഷ്ടപരിഹാരം, ദുരിതബാധിതരായ എല്ലാവര്‍ക്കും ജോലി, ഗ്രാമങ്ങളില്‍ ആശുപത്രികള്‍ പണിയുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഭാരതീയ കിസാന്‍ പരിഷത്ത് നേതാവ് സുഖ്ബീര്‍ ഖലീഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഏതാനും മാസങ്ങളായി തങ്ങളുടെ കുടുംബങ്ങള്‍ക്ക് ജോലിയും ചികിത്സാ സൗകര്യവും വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ഷക നേതാക്കളുമായും സംഘടനകളുമായും ചര്‍ച്ച നടത്തുകയാണെന്നും കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

നിലവില്‍ നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേ കര്‍ഷകര്‍ ഉപരോധിച്ചതായും റിപ്പോട്ടുകള്‍ വരുന്നുണ്ട്. പ്രതിഷേധത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാല്‍ അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ദല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനുപുറമെ ദല്‍ഹി-ഹരിയാന എന്നിവയെ ബന്ധിപ്പിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Widespread protest by farmers on the Uttar Pradesh-Delhi border

We use cookies to give you the best possible experience. Learn more