| Monday, 30th December 2024, 1:06 pm

'കേരളം മിനി പാകിസ്ഥാന്‍' മഹാരാഷ്ട്ര മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി നിതേഷ് റാണെയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ (ഞായറാഴ്ച്ച) പൂനെയില്‍വെച്ച് നടന്ന ഒരു പൊതുപരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം.

കേരളം ഒരു മിനി പാകിസ്ഥാന്‍ ആയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം അവിടെ വിജയിച്ചതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനെപോലെ തീവ്ര നിലപാടുള്ളവരാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

‘കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരിയുമെല്ലാം അവിടെ നിന്ന് വിജയിച്ചത്. അവര്‍ക്ക് വോട്ടുചെയ്യുന്നവരെല്ലാം തീവ്രവാദികളാണ്. ഇവരെല്ലാം എം.പി ആവുന്നത് തീവ്രവാദികളുടെ സപ്പോര്‍ട്ട് കൊണ്ടാണ്,’ നിതേഷ് റാണെ പറഞ്ഞു.

അതേസമയം നിതേഷ് റാണെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് നടത്താറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി,  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് പ്രസ്താവനയില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പും പല രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും നിതീഷ് റാണെ ഇത്തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതില്‍ റാണെയ്‌ക്കെതിരെ കേസുകളും എടുത്തിട്ടുണ്ട്.

പൂനെയിലെ പരിപാടിക്ക് മുന്നോടിയായും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പൊലീസ് സംഘാടക സമിതിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബി.ജെ.പി നേതാവും മഹാരാഷ്ട്ര തുറമുഖ, ഫിഷറീസ് മന്ത്രിയുമാണ് നിതേഷ നാരായണ റാണെ. മഹാരാഷട്രയിലെ കന്‍കവ്‌ലിയില്‍ നിന്നുള്ള എം.എല്‍.എയാണ്  അദ്ദേഹം.

Content Highlight: Widespread protest against Maharashtra minister’s remark of ‘Kerala Mini Pakistan’

We use cookies to give you the best possible experience. Learn more