കൊച്ചി: നഗരത്തില്‍ എ.ടി.എമ്മുകളില്‍ കൃത്രിമം കാണിച്ച് വ്യാപക തട്ടിപ്പ്. എ.ടി.എം ക്യാഷ് ഡ്രോ ബ്ലോക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇടപാടുകാര്‍ മടങ്ങിയശേഷം മോഷ്ടാക്കള്‍ പണമെടുത്ത് മുങ്ങുന്നതാണ് പതിവ്.
ഇതുവരെ 11 എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നതായാണ് വിവരം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്. കളമശ്ശേരി, തൃപ്പൂണിത്തുറ എ.ടി.എമ്മുകളില്‍ നിന്ന് 25,000 രൂപയോളം തട്ടിയെടുത്തുവെന്നാണ് വിവരം.
ഓഗസ്റ്റ് 18,19 തീയതികളിലായാണ് എ.ടി.എമ്മുകളില്‍ തട്ടിപ്പ് നടന്നത്. തട്ടിപ്പുനടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രതി എ.ടി.എമ്മില്‍ കയറി പണം വരുന്ന ഭാഗം സ്‌കെയില്‍ പോലെയുള്ള ഉപകരണം വെച്ച് ക്യാഷ് ഡ്രോ ബ്ലോക്ക് ചെയ്യും. പിന്നാലെ പുറത്തിറങ്ങി കാത്തിരിക്കും.
പണം പിന്‍വലിക്കാന്‍ എത്തുന്ന ഉപഭോക്താവ് എ.ടി.എം തകരാറാണെന്ന ധാരണയില്‍ തിരിച്ചുപോകും. ഇതിന് പിന്നാലെ മോഷ്ടാവ് എ.ടി.എമ്മില്‍ കയറി ഉപകരണം എടുത്തുമാറ്റി പണം എടുക്കും. ഇങ്ങനെയാണ് തട്ടിപ്പിന്റെ രീതി.
കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഒരു എ.ടി.എമ്മില്‍ ഏഴ് തവണയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. കളമശ്ശേരി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കൂടുതലും നടന്നത്. വൈറ്റില ഉള്‍പ്പെടെയുള്ള സ്ഥലത്തും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പണം നഷ്ടമായതിനെത്തുടര്‍ന്ന് ഇടപാടുകാര്‍ ബാങ്കില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിക്കകയായിരുന്നു. കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.