'മാതൃഭൂമി അന്താരാഷ്ട്ര പുരുഷോത്സവം'; ക ഫെസ്റ്റിവലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം
Kerala News
'മാതൃഭൂമി അന്താരാഷ്ട്ര പുരുഷോത്സവം'; ക ഫെസ്റ്റിവലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2024, 10:55 pm

കോഴിക്കോട്: മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവമായ ‘ക’ ഫെസ്റ്റിവലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. ഫെസ്റ്റിവലില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കുന്നതിനായി തയ്യാറാക്കിയ പാനല്‍ ലിസ്റ്റില്‍ പുരുഷന്മാരെ മാത്രം ഉള്‍പെടുത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

മലയാളത്തിലെ എഴുത്തുകാരായ എം.മുകുന്ദന്‍, സച്ചിദാനന്ദന്‍, സക്കറിയ, ടി. പത്മനാഭന്‍ തുടങ്ങിയവരും രാഷ്ട്രീയ മേഖലയില്‍ നിന്ന് പ്രതിപക്ഷ നേതാവായ വി.ഡി സതീശനും രമേശ് ചെന്നിത്തലയും ജി. സുധാകരനും ബഹിരാകാശ ശാസ്ത്രരംഗത്ത് നിന്ന് എസ്. സോമനാഥനും സിനിമാ രംഗത്ത് നിന്ന് ജൂഡ് ആന്തണിയും കായിക മേഖലയില്‍ നിന്ന് എസ്. ശ്രീശാന്തും സംഗീത മേഖലയില്‍ നിന്ന് ശ്രീകുമാരന്‍ തമ്പിയും മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ഷൂരിയും അടങ്ങുന്നവരാണ് ഫെസ്റ്റിവലിന്റെ പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

എന്നാല്‍ ഈ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച സ്ത്രീകളുണ്ടായിട്ടും അവരെ പൊതുവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.

മലയാളി ആണുങ്ങള്‍ക്ക് ഇത്തരത്തിലുള്ള പാനലില്‍ കയറി ഞെളിഞ്ഞിരിക്കാന്‍ നാണമുണ്ടോയെന്നും സ്ത്രീകള്‍ക്കും ക്യുവര്‍ മനുഷ്യര്‍ക്കും പ്രാതിനിധ്യമില്ലാത്ത പാനലില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറയാനുള്ള ആര്‍ജവവും രാഷ്ട്രീയ ബോധവും എന്നാണ് ഇവര്‍ക്കെല്ലാം ഉണ്ടാവുകയെന്നും സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

സ്ഥാപനത്തിന്റെ പേര് ‘മാതൃ ‘ ഭൂമി എന്നല്ലേയെന്നും അത് പോരേയെന്നുമുള്ള പരിഹാസങ്ങളും ഫെസ്റ്റിവലിനെതിരെ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീസമത്വം എന്ന മന്ത്രം മൂന്ന് തവണ ജപിച്ചുകൊണ്ടായിരിക്കും ഈ കുലപുരുഷന്മാര്‍ സംസാരിച്ചു തുടങ്ങുകയെന്നും അത് മാതൃഭൂമി ഫെസ്റ്റിവലിന്റെ സംഘടകര്‍ ഉറപ്പുവരുത്തുമെന്നും വിമര്‍ശനം ഉയര്‍ന്നു.

പ്ലസ്ടു മുതല്‍ പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഇടകലര്‍ന്നിരുന്ന് പഠിക്കണമെന്ന് എഡിറ്റോറിയല്‍ എഴുതി ഘോര ഘോരം പ്രസംഗിച്ച മാതൃഭൂമിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് കനകക്കുന്നില്‍ ഫെബ്രുവരി എട്ട് മുതല്‍ 11 വരെയാണ് മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുക.

Content Highlight: Widespread criticism on social media against Ka Festival