| Thursday, 6th January 2022, 7:54 pm

'വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ'? വനിതയുടെ കവര്‍ ഫോട്ടോക്കെതിരെ വിമര്‍ശനവുമായി അരുണ്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുതിയ വനിത മാഗസിന്റെ കവര്‍ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം. ചിത്രത്തില്‍ നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം നേരിടുന്ന ദിലീപിന്റെ സാനിധ്യമാണ് വിമര്‍ശനത്തിന് കാരണമാകുന്നത്.

വനിതകളുടെ വഴികാട്ടിയാണ്, സുഹൃത്താണ് എന്ന് പറയുന്ന വനിത മാഗസിന്‍ കവര്‍ ചിത്രത്തില്‍ ദീലിപിന്റെ ഫോട്ടോ ഉപയോഗിക്കുന്ന വിരോധാഭാസത്തെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വിമര്‍ശിച്ചു.

‘വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം,’ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.

സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവില്‍ ആക്രമിക്കപ്പെടുമ്പോഴാണ് ഒരു സ്ത്രീയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന വ്യക്തിയെ ആഘോഷിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഹരി മോഹന്‍ പറഞ്ഞു.

‘സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവില്‍ ആക്രമിക്കപ്പെടുന്നു. അക്കാര്യം പറഞ്ഞ് അവരിട്ട ഒരു പോസ്റ്റില്‍ കുറെയാളുകള്‍ ചിരിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നു.

ലൈംഗികമായി ഒരു സ്ത്രീയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട, അതില്‍ ജയിലില്‍ കിടന്ന, ഇപ്പോഴും വിചാരണ നേരിടുന്ന ഒരു പുരുഷന്‍ സമൂഹത്തില്‍ ഇന്നും ആഘോഷിക്കപ്പെടുന്നു. വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ മാധ്യമങ്ങള്‍ അയാളെക്കുറിച്ച് ഉപന്യാസങ്ങള്‍ രചിക്കുന്നു.
കേരളമാണ്. എന്തോ പ്രബുദ്ധതയൊക്കെയുള്ള നാടാണത്രെ. തേങ്ങയാണ്,’ ഹരി മോഹന്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.

തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.

നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യംചെയ്യാനായി പൊലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Widespread criticism of the cover image of the new  Vanitha’s magazine

We use cookies to give you the best possible experience. Learn more