| Monday, 6th November 2023, 10:06 pm

മനുഷ്യനെ തുല്യരായി കാണാതെ മ്യൂസിയം പീസാക്കരുത്; 'കേരളീയം' സാംസ്‌കാരിക പരിപാടിക്കെതിരെ വ്യാപകവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളീയത്തില്‍ ഒരുക്കിയിരിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ ഇടുക്കിയിലെ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപകപ്രതിഷേധം.

ആദിവാസികളെ പറ്റിയും അവരുടെ ജീവിതത്തെപ്പറ്റിയും പുതിയ കാലഘട്ടത്തിന് അറിവ് പകരുകയാണെന്ന് ചൂണ്ടിക്കാട്ടി ആറ് ദിവസങ്ങളോളമായി യുവതീയുവാക്കളെ സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ചേര്‍ന്ന് കനകക്കുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഇത്തരത്തില്‍ മനുഷ്യനെ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള മനുഷ്യശാലക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കേരളീയത്തില്‍ സാംസ്‌കാരിക വകുപ്പ് പ്രധാന്യം കൊടുക്കുന്നത് ദിവസത്തില്‍ ഒന്നര ലക്ഷം വരുമാനം കിട്ടുന്ന തരത്തില്‍ ഫുഡ് ഉണ്ടാക്കി വില്‍ക്കുന്നതിലാണെന്ന് സാമൂഹികപ്രവര്‍ത്തക ധന്യ രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. യുവതീയുവാക്കളുടെ മുഖത്ത് പെയിന്റ് അടിച്ച് പ്രദര്‍ശിപ്പിച്ചതില്‍ അന്നും ഇന്നും ഗോത്ര വിഭാഗം ഷോ കേസില്‍ വക്കേണ്ടവരല്ലെന്ന് താന്‍ പറയാറുണ്ടല്ലോ എന്നാണ് മന്ത്രി രാധാകൃഷ്ണന്‍ തന്നോട് വിശദീകരിച്ചതെന്ന് ധന്യ രാമന്‍ കുറിച്ചു.

വിഷയത്തില്‍ വകുപ്പ് മന്ത്രിക്ക് അറിവില്ലെന്നും സാംസ്‌കാരിക വകുപ്പും അതിന് കീഴിലുള്ള ഫോക് ലോര്‍ അക്കാദമിയും ചേര്‍ന്നാണ് പരിപാടി നടത്തിയതെന്ന് മന്ത്രി പറഞ്ഞതായി ധന്യ വ്യക്തമാക്കി. സംഭവത്തില്‍ ശക്തമായ വിയോജിപ്പും വിഷമവും ഉണ്ടെന്ന് മന്ത്രി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തതായും ധന്യ പറഞ്ഞു.

ആറ് ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കിട്ടിയതായും അതിനായി ഗോത്ര വകുപ്പ് 33 ലക്ഷം കൃത്യമായി ചെലവാക്കിയതായുള്ള വിവരങ്ങളും ധന്യ പങ്കുവെച്ചിരുന്നു. ഒരു ഓഡിറ്റിന്റെ പോലും ആവശ്യമില്ലാതെ 315 പേരെ 100 കോടി ചെലവഴിച്ച് വിദേശ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ കാര്യത്തില്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടേയാണ് സംഭവം വിവാദമാവുന്നത്. തൊട്ടടുത്ത കാഴ്ച ബംഗ്ലാവില്‍ വന്യമൃഗങ്ങളെ കണ്ടിട്ട് വരുന്ന പണവും അധികാരവും അഹങ്കാരവും ഉള്ള നഗര ജീവികള്‍ അതേ ലാഘവത്തോടെ കേരളീയത്തിലെ യുവതീയുവാക്കളെ കാണുമെന്ന് കെ.എ. ഷാജി പ്രതികരിച്ചു.


ആദിവാസികളെ മ്യൂസിയം പീസാക്കി നടത്തുന്ന ഈ കോമാളിത്തത്തില്‍ അഞ്ചുജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണെന്ന് ഷാജി പറഞ്ഞു. സര്‍ക്കാരിനെ കുറ്റം പറയുന്നില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാവനയാകാം ഇതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് കണ്ടിട്ട് ഒരമ്പരപ്പും തോന്നാത്ത മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍, സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍, വിപ്ലവകാരികള്‍ എന്നിവരെ ഓര്‍ക്കുമ്പോള്‍ ശരിക്കും സങ്കടമുണ്ടെന്നും മനുഷ്യരെ തുല്യരായി കാണാതെ മ്യൂസിയം പീസായി വെച്ച് പ്രദര്‍ശനം നടത്തുന്നതാണ് കേരള നവോത്ഥാനമെന്നും കെ.എ. ഷാജി വിമര്‍ശിച്ചു.

വിയോജിപ്പല്ല മന്ത്രി പ്രകടിപ്പിക്കേണ്ടതെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ പവര്‍ ഉപയോഗിക്കാന്‍ കഴിയണമെന്നും സംഭവത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇത്തരം വംശീയ അധിക്ഷേപത്തിന് വേദി ഒരുക്കിയ പിന്നണി പ്രവര്‍ത്തകരെ മാതൃകാപരമായി ശിക്ഷിക്കാന്‍ അടിയന്തരമായി ഉത്തരവ് ഇറക്കാനുള്ള ധൈര്യമാണ് മന്ത്രി കാണിക്കേണ്ടതെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു.

Content Highlight: Widespread criticism against the ‘Keraleeyam’ cultural programme

We use cookies to give you the best possible experience. Learn more