| Friday, 10th January 2025, 2:59 pm

എല്ലാ അതിരുകളും ലംഘിക്കുന്നത്, അധഃപതനം; റിപ്പോർട്ടർ ടി.വിയുടെ കലോത്സവ സ്റ്റോറിക്കെതിരെ വ്യാപക വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി.വി സംപ്രേക്ഷണം ചെയ്ത വീഡിയോ സ്റ്റോറിക്കെതിരെ വ്യാപക വിമർശനം. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള സ്റ്റോറിയുടെ ഉള്ളടക്കം എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദ്യമുയരുകയാണ്.

കലോത്സവ റിപ്പോർട്ടിങ് പലതും കാണാൻ തോന്നാത്ത വിധം അരോചകമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. പി.എം. ആതിര ചാനലിനെതിരെ പ്രതികരിച്ചത്. ഒപ്പനയിലെ മണവാട്ടി കുട്ടിയെയും റിപ്പോർട്ടറായ ഒരുത്തനെയും വെച്ച് പടച്ചുവിട്ട സ്റ്റോറി എല്ലാ അതിരുകളും ലംഘിച്ചുവെന്നും പി.എം. ആതിര പറഞ്ഞു.

ഒപ്പന കളിക്കാൻ വന്ന സ്കൂൾ കുട്ടിയോട് ശൃംഗരിക്കുന്നതായി അഭിനയിച്ച് വീഡിയോ നിർമിക്കുന്നിടം വരെ അധഃപതിച്ച മത്സരത്തിനിടെ നിങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് മാധ്യമ പ്രവർത്തകൻ സുചിത് ചന്ദ്രൻ ഫേസ്ബുക്കിൽ ചോദിച്ചു.

റിപ്പോർട്ടർ ടി.വി അവതാരകനായ അരുൺ കുമാറും റിപ്പോർട്ടർ ചാനലും മാപ്പ് പറയണമെന്ന് മാധ്യമ പ്രവർത്തക സുനിത ദേവദാസും പ്രതികരിച്ചു.

ചാനലിന്റെ റീച്ചിന് വേണ്ടി പ്രായ പൂർത്തിയാവാത്ത സ്കൂൾ പെൺകുട്ടികളെയും ശൃംഗാര ഭാവങ്ങളുമായി അവരെ സമീപിക്കുന്ന റിപ്പോർട്ടർമാരെയും ഇങ്ങനെ ദൃശ്യവത്കരിക്കുന്നതിൽ ശരികേടുണ്ടെന്നും അപകടകരമായ സന്ദേശമുണ്ടെന്നും ഷമീർ ടി.പി ഫേസ്ബുക്കിൽ എഴുതി.

നിലവിൽ വീഡിയോ സ്റ്റോറിക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്. അരുൺ കുമാർ സഭ്യമല്ലാത്ത ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.

വീഡിയോയിൽ റിപ്പോർട്ടർ ചാനൽ മേധാവിയോട് വിശദീകരണം തേടിയതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.ജി. മനോജ് കുമാർ ഡൂൾന്യൂസിനോട് പ്രതികരിച്ചു.

മത്സരത്തിൽ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോർട്ടർ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം.മണവാട്ടിയായി മത്സരിച്ച വിദ്യാർത്ഥിനിയോട് റിപ്പോർട്ടർ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

തുടർന്ന് അവതാരകൻ അരുൺ കുമാർ ഉൾപ്പെടെ, വീഡിയോയിൽ അഭിനയിച്ച റിപ്പോർട്ടറോടും മറ്റു സഹപ്രവർത്തകരോടും വിദ്യാർത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചർച്ചകളും റിപ്പോർട്ടർ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വ്യാപകമായി വിമർശനം ഉയരുന്നത്. ഇതിനുപിന്നാലെ പ്രസ്തുത വീഡിയോകൾ ചാനൽ പിൻവലിക്കുകയും ചെയ്തു.

Content Highlight: Widespread criticism against Reporter TV’s Kalolsava vedio story

Video Stories

We use cookies to give you the best possible experience. Learn more