| Monday, 8th April 2024, 8:00 pm

മോദിയുടെ മണിപ്പൂര്‍ പരാമര്‍ശം അസ്ഥാനത്തുള്ള ക്രൂരമായ തമാശ; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക വിമര്‍ശനം. നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം അസ്ഥാനത്തുള്ള തമാശയാണെന്നാണ് വിമര്‍ശനം. മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തിയെന്നായിരുന്നു മോദിയുടെ പ്രതികരണം.

അസമിലെ ദിനപത്രമായ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന് സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലേക്കുള്ള സഹായം തുടരുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.

എന്നാല്‍ മോദിക്കെതിരെ നിലവില്‍ വ്യാപകമായി വിമര്‍ശനം ഉയരുന്നു. പ്രതിപക്ഷ നേതാക്കളടക്കം പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ചു. മണിപ്പൂര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ശബ്ദിച്ചിരിക്കുന്നു. അതിനുപിന്നില്‍ മണിപ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യമാണെന്ന് പ്രതിപക്ഷം പറയുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാവ് സംഘര്‍ഷ സമയത്ത് മണിപ്പൂര്‍ സന്ദര്‍ശിച്ചുവെന്നും കലാപ ബാധിതര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചുവെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍ പെടുന്നവരെയും നേരിട്ട് കണ്ട് സംസാരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തുവെന്നും കോണ്‍ഗ്രസ് പറയുന്നു. മണിപ്പൂര്‍ സര്‍ക്കാരാണ് രാഹുലിനെ സംസ്ഥാനത്ത് തടഞ്ഞതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

മോദിയുടെ പരാമര്‍ശത്തെ വിജയ് മല്യ എസ്.ബി.ഐയെ സമയോചതമായി രക്ഷിച്ചതിന് സമാനമാണെന്നും പ്രതിപക്ഷം പരിഹസിച്ചു. മണിപ്പൂരിനെ സംരക്ഷിച്ചുവെന്ന് പറയുന്നത് തന്നെ മോദിയുടെ സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടിയാണെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മണിപ്പൂരിലെ സ്ഥിതി മെച്ചപ്പെട്ടുവെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുമ്പോള്‍, യാഥാര്‍ഥ്യത്തില്‍ മണിപ്പൂര്‍ കത്തിയമരുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

മണിപ്പൂരില്‍ സംഭവിച്ചത് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഇനിയും സംഭവിക്കാമെന്നും അപ്പോഴും മോദി നുണ പറഞ്ഞുകൊണ്ടിരിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ധൈര്യമുണ്ടെങ്കില്‍ മണിപ്പൂരില്‍ ചെന്ന് സംസ്ഥാനത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും സോഷ്യല്‍ മീഡിയ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു.

മോദിയുടെ പ്രസ്താവനകള്‍ മണിപ്പൂര്‍ വോട്ടര്‍മാരോടുള്ള ക്രൂരമായ തമാശയാണെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു. ഒറ്റവാക്കില്‍ പ്രതികരിച്ചാല്‍ മണിപ്പൂരിലെ തീ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മോദിയുടെ സംഘപരിവാര്‍ അജണ്ട ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടു.

Content Highlight: Widespread criticism against Prime Minister Narendra Modi after his response on the Manipur 

We use cookies to give you the best possible experience. Learn more