ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പമെന്ന് കെ. സുരേന്ദ്രന്റെ പദയാത്രയുടെ പോസ്റ്റര്‍: വിവാദം
Kerala News
ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പമെന്ന് കെ. സുരേന്ദ്രന്റെ പദയാത്രയുടെ പോസ്റ്റര്‍: വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 9:12 pm

കോഴിക്കോട്: മോദിയുടെ ഗ്യാരന്റിയെന്ന മുദ്രാവാക്യത്തോട് കൂടി ബി.ജെ.പി നടത്തുന്ന പദയാത്രക്കെതിരെ വ്യാപക വിമര്‍ശനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന പദയാത്രയുടെ വിവരങ്ങളടങ്ങിയ പോസ്റ്ററിലെ ജാതീയക്കെതിരെയാണ് നിലവിലെ വിമര്‍ശനം.

ഫെബ്രുവരി 20ന് കോഴിക്കോട് വെച്ചുനടന്ന പദയാത്രക്കിടെയുള്ള ‘ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പം’ എന്നെഴുതിയ പോസ്റ്ററിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ജാതീയമായ അധിക്ഷേപത്തിന്റെ അങ്ങേയറ്റമാണ് ബി.ജെ.പിയുടെ ഈ പോസ്റ്റര്‍.

ഇനിയും തങ്ങളില്‍ സവര്‍ണ മേല്‍ക്കോയ്മ ആരോപിക്കരുതേ എന്ന് വിമര്‍ശകര്‍ ബി.ജെ.പിയെ പരിഹസിച്ചു. ബി.ജെ.പിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലെന്നും ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നും വിമര്‍ശനമുണ്ട്.

അതേസമയം കെ. സുരേന്ദ്രന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നവരെങ്കിലും ബി.ജെ.പിയുടെ ജാതീയത മനസിലാക്കണമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണത്തിലെത്തണമെന്നും സനാതന ഹിന്ദു ആകാന്‍ നടക്കുന്നവന്റെ സ്ഥാനം എവിടെയാകുമെന്ന് അപ്പോള്‍ മനസിലാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

പദയാത്രയെന്ന പേരില്‍ നടത്തുന്ന ബി.ജെ.പി സംഗമം ഒരു തീര്‍ത്ഥ യാത്രക്ക് തുല്യമാണെന്നാണ് പോസ്റ്ററുകളിലൂടെ മനസിലാവുന്നത്. ക്ഷേത്ര ദര്‍ശനവും, പുഷ്പ്പാര്‍ച്ചനയും, മാറാട് അരയ സമാജത്തില്‍ നിന്നുള്ള പ്രഭാത ഭക്ഷണവും അടങ്ങുന്നതായിരുന്നു കെ. സുരേന്ദ്രന്റെ കോഴിക്കോടിലെ പദയാത്ര.

അതേസമയം കേരള പദയാത്ര ബി.ഡി.ജെ.എസ് ബഹിഷ്‌ക്കരിക്കുകയുണ്ടായി. കോഴിക്കോട് നടന്ന പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കള്‍ പങ്കെടുത്തില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഡി.എയുടെ പരിപാടികളില്‍ ബി.ഡി.ജെ.എസിനെ തഴയുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Widespread criticism against BJP’s padayatra with the slogan of Modi’s guarantee