ചണ്ഡിഗര്‍: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചില്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ വ്യാപക സംഘര്‍ഷം. അതിര്‍ത്തി നഗരമായ അമ്പാലയിലാണ് രൂക്ഷമായ സംഘര്‍ഷം ഉണ്ടായത്. ഹരിയാന അതിര്‍ത്തി മുറിച്ച് ദല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷകരുടെ നേരെ പൊലീസ് വ്യാപകമായി കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2000ത്തോളം ട്രാക്ടറുകളുമായി ഇരുപതിനായിരത്തിലധികം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കര്‍ഷകരുടെ ട്രാക്റ്ററുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലവില്‍ കര്‍ഷകരുടെ മാര്‍ച്ചിനെ തുടര്‍ന്ന് ഗാസിപൂര്‍, ചില്ല അതിര്‍ത്തികള്‍ വഴി ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവയെ ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരിയാന-ദല്‍ഹി അതിര്‍ത്തിയില്‍ നൂറുകണക്കിന് പൊലീസിനെയാണ് സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്.
ഏതാനും കര്‍ഷകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അധികാരികള്‍ പറയുന്നു. കര്‍ഷകരെ തടയുന്നതിനായി ജില്ലാ ഭരണകൂടം മണ്‍ഭിത്തി നിര്‍മിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ നടപ്പാതയില്‍ മുള്ളാണികള്‍ പതിപ്പിച്ച് കര്‍ഷകരെ തടയാനും ഭരണകൂടം ശ്രമിച്ചു.
അതേസമയം കര്‍ഷകരുടെ മാര്‍ച്ച് കണക്കിലെടുത്ത് ബവാന സ്റ്റേഡിയം താത്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ദല്‍ഹി സര്‍ക്കാര്‍ തള്ളിയാതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗെഹ് ലോട്ട് അനുമതി നിഷേധിച്ച് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തെഴുതുകയും കര്‍ഷക മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ദല്‍ഹിയിലേക്ക് ബലം പ്രയോഗിച്ച് കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്.സി.ബി.എ) പ്രസിഡന്റ് ആദിഷ് അഗര്‍വാല ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തെഴുതി.