'മുസ്‌ലിം വിരുദ്ധര്‍ നടത്തിയ ആള്‍ക്കൂട്ടാക്രമണം'; ദല്‍ഹി അക്രമത്തില്‍ ബേര്‍ണി സാന്‍ഡേഴ്‌സ്
DELHI VIOLENCE
'മുസ്‌ലിം വിരുദ്ധര്‍ നടത്തിയ ആള്‍ക്കൂട്ടാക്രമണം'; ദല്‍ഹി അക്രമത്തില്‍ ബേര്‍ണി സാന്‍ഡേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2020, 9:22 am

വാഷിംഗ്ടണ്‍: 27 പേരുടെ ജീവനെടുത്ത ദല്‍ഹി അക്രമം മുസ്‌ലിം വിരുദ്ധരായ ജനക്കൂട്ടം നടത്തിയ അക്രമമാണെന്ന് യു.എസ് സെനറ്റ് അംഗവും ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേര്‍ണി സാര്‍ഡേഴ്‌സ്. ദല്‍ഹി അക്രമത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശത്തെയും ബേര്‍ണി സാന്‍ഡേഴ്‌സ് വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി അക്രമത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശം മനുഷ്യാവകാശങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലെ പരാജയമാണെന്നാണ് ബേര്‍ണി സാന്‍ഡേഴ്‌സ് പ്രതികരിച്ചത്.

‘200 മില്യണ്‍ മുസ്‌ലിങ്ങളുടെ ജന്മനാടാണ് ഇന്ത്യ. മുസ്‌ലിം വിരുദ്ധരായ ജനക്കൂട്ടം നടത്തിയ വ്യാപക അക്രമത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേ്ല്‍ക്കുകയും ചെയ്തു. എന്നിട്ടും ട്രംപ് പറയുന്നു ‘ഇത് ഇന്ത്യ കൈകാര്യം ചെയ്യേണ്ട വിഷയമാണ്’ എന്ന്. മനുഷ്യാവകാശങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലെ പരാജയമാണിത്.’ ട്വിറ്ററിലൂടെയായിരുന്നു സാന്‍ഡേഴ്‌സ് പ്രതികരിച്ചത്.

ഇന്ത്യാ സന്ദര്‍ശനത്തെത്തിയ ട്രംപിനോട് ദല്‍ഹി അക്രമത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ദല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് കേട്ടിരുന്നെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

‘ചില ഒറ്റപ്പെട്ട അക്രമങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. പക്ഷെ പ്രധാനമന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇത് ഇന്ത്യ കൈകാര്യം ചെയ്യേണ്ട വിഷയമാണ്.’ ട്രംപ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മുസ്‌ലിം വിരുദ്ധ കലാപത്തില്‍ മരണം 27 ആയി. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.