യൂറോപ്പ്: ഗസ മുനമ്പിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന അധിനിവേശത്തില്‍ അപലപിച്ച് ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ വ്യാപകമായ ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍.
ഗസയില്‍ വെടിനിര്‍ത്തുന്നതിനായി നേതാക്കള്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ അനുകൂലികള്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ ഓഫീസിന് നേരെയും തലസ്ഥാന നഗരിയായ ലണ്ടന് നേരെയും പ്രതിഷേധ റാലികള്‍ നടത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് ആളുകളെ ബ്രിട്ടന്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇസ്രഈല്‍ നിരന്തരമായി ഫലസ്തീനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതില്‍ വിസമ്മതിച്ച ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിനെതിരെ പ്രതിഷേധക്കാര്‍ ലണ്ടനില്‍ ആഞ്ഞടിച്ചു. ലണ്ടനില്‍ പ്രതിഷേധക്കാര്‍ ഫലസ്തീന്‍ പതാകകള്‍ വീശുകയും ‘സ്റ്റാര്‍മര്‍ നിങ്ങളുടെ കയ്യില്‍ രക്തം പുരണ്ടിരിക്കുന്നു’ എന്നെഴുതിയ പ്ലക്കാഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.
ഗസയിലെ കൂട്ടക്കൊല ആവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിന്റെ പരിസരങ്ങളില്‍ മാര്‍ച്ച് നടത്തുകയുണ്ടായി.
യുദ്ധത്തില്‍ ആക്രമിക്കപെട്ടതും കൊലചെയ്യപ്പെട്ടതുമായ ഫലസ്തീനികള്‍ക്കായി നൂറുകണക്കിന് ആളുകള്‍ മാഴ്സെയില്‍ ഒരു മിനിറ്റ് മൗനമാചരിച്ചു. പാരീസ് നഗരത്തില്‍ ഫലസ്തീന്‍ അനുകൂല മാര്‍ച്ചില്‍ പങ്കെടുത്തവരുടെ എണ്ണം 1,200 കവിഞ്ഞതായി ടൗളൂസിലെ പൊലീസ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
സ്വതന്ത്ര ഫലസ്തീന്‍ ആവശ്യപ്പെട്ട് അടിയന്തരമായി ഗാസയിലെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രഈല്‍ ഭരണകൂടത്തോട് ആഹ്വനം ചെയ്തുകൊണ്ട് പ്രതിഷേധക്കാര്‍ ബെർലിൻ തെരുവുകളില്‍ റാലി നടത്തി. ഏകപക്ഷീയ തീരുമാനമാണ് ജര്‍മന്‍ ഭരണകൂടം എടുക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീനിലെ ആശുപത്രികള്‍ ഒഴിപ്പിച്ചും അക്രമിച്ചും നിര്‍ബന്ധിതമായി കുടിയൊഴിപ്പിച്ചും ഇസ്രഈല്‍ ഭരണകൂടം യുദ്ധക്കുറ്റം ചെയ്തുവെന്ന് പ്രതിഷേധക്കാരായ ജര്‍മനിയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.
‘ഇവിടെ ഉണ്ടായിരിക്കുന്നത് മനുഷ്യത്വമാണ്. അത് പറയാതെ വയ്യ. ജര്‍മനിയില്‍ താമസിക്കുന്ന എല്ലാവരും ഇവിടെ ഉണ്ടായിരിക്കണം. ഫലസ്തീനില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു. സ്ത്രീകള്‍ ഇപ്പോഴും കൊല്ലപെട്ടുകൊണ്ടിരിക്കുന്നു. ഒരു മാസത്തിലേറെയായി ഈ ആക്രമണം തുടരുകയാണ്. അത് പലപ്പോഴും നമ്മളും ഭരണകൂടങ്ങളും മറന്നു പോവുന്നു. നമ്മള്‍ ഫലസ്തീനികളോട് ബെര്‍ലിനില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം,’ പ്രതിഷേധക്കാരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5,000ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 12,300 ഫലസ്തീനികളുടെ ജീവന്‍ ഇത് ഇതുവരെ നഷ്ട്ടപെട്ടിട്ടുണ്ട്. 29,800 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
Content Highlight: Widespread anti-Israel rallies in European countries