| Tuesday, 22nd November 2022, 11:00 am

അത്ര ധാര്‍മിക രോഷമുണ്ടെങ്കില്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെന്തിനാണ് ഖത്തറില്‍ നില്‍ക്കുന്നത്; യു.എസിലും ഇത് തന്നെ ചെയ്യുമോ? ബി.ബി.സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ സംപ്രേക്ഷണം ചെയ്യാതിരുന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ ബി.ബി.സി ചാനലിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.

ബി.ബി.സി വണ്‍ ചാനലിലൂടെ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായും കാണിക്കാതിരുന്ന തീരുമാനത്തെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഫുട്‌ബോള്‍ ആരാധകരും മറ്റ് മേഖലകളില്‍ നിന്നുള്ളവരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.

ലോകകപ്പ് ഉദ്ഘാടന ചടങ്ങ് നടന്ന സമയത്ത് അതിന്റെ തുടക്കം മുതല്‍ തത്സമയം കാണിക്കുന്നതിന് പകരം അവസാനഭാഗം മാത്രം ബി.ബി.സി എയര്‍ ചെയ്തത്.

ആ സമയത്ത് വിമണ്‍സ് സൂപ്പര് ലീഗ് ഫുട്‌ബോള്‍ മാച്ചും നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്തുവെച്ച, ഖത്തറിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു സ്റ്റോറിയുമാണ് ബി.ബി.സി സംപ്രേക്ഷണം ചെയ്തത്.

”അവര്‍ക്ക് (ബി.ബി.സി) എങ്ങനെ ഇതിന് ധൈര്യം വന്നു. ഇത് ബ്രിട്ടനിലെ നികുതിദായകരുടെ പണമാണ്. ഇത് ഒരു ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങാണ്, ഞങ്ങള്‍ക്കത് കാണാന്‍ കഴിയണം,” ക്രിസ്റ്റല്‍ പാലസ് മുന്‍ ഉടമ (Crystal Palace F.C.) സൈമണ്‍ ജോര്‍ദാന്‍ talkSPORTന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ബി.ബി.സി സംപ്രേക്ഷണം ചെയ്യാതിരുന്നത് ഖത്തറിനോടുള്ള കടുത്ത അനാദരവാണ് കാണിക്കുന്നത്.

അവര്‍ (ബി.ബി.സി) ഇത്രയും പരിഭ്രാന്തരാണെങ്കില്‍, തങ്ങളുടെ ജീവനക്കാരെ (ബി.ബി.സി മാധ്യമപ്രവര്‍ത്തകര്‍) ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുവന്ന് ഈ അസംബന്ധ നാടകത്തില്‍ നിന്നും ഇരട്ടത്താപ്പില്‍ നിന്നും ഞങ്ങളെ ഒഴിവാക്കിത്തരണം,” ബ്രിട്ടീഷ്- അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ ഒരു ട്വീറ്റില്‍ പറയുന്നു.

”റഷ്യയില്‍ ലോകകപ്പ് നടന്നപ്പോള്‍ ബി.ബി.ബിയുടെ ഈ ധാര്‍മിക രോഷം എവിടെയായിരുന്നു. അടുത്ത തവണ യു.എസില്‍ നടക്കുമ്പോഴും നിങ്ങള്‍ ഇത് തന്നെയായിരിക്കുമോ ചെയ്യുക. കാരണം അവിടത്തെ തോക്ക് നിയമങ്ങളും അബോര്‍ഷന്‍ നിയമങ്ങളുമൊക്കെയുണ്ടല്ലോ.

അതല്ല, ഒരു അറബ് രാജ്യം ലോകകപ്പിന് വേദിയാകുമ്പോള്‍ മാത്രമാണോ നിങ്ങള്‍ക്കത് പ്രശ്‌നമാകുന്നത്,” ഖത്തറിലെ തൊഴിലാളി പ്രശ്‌നങ്ങളെ കുറിച്ച് കമന്റ് ചെയ്ത ഒരു ട്വിറ്റര്‍ ഉപയോക്താവിന് മറുപടി നല്‍കിക്കൊണ്ട് മോര്‍ഗന്‍ പറഞ്ഞു.

”പ്രതിഷേധ സൂചകമായി ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ബി.ബി.സി സംപ്രേക്ഷണം ചെയ്തില്ല. വെറും ഒമ്പത് മാസം മുമ്പ്, വംശഹത്യ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ചൈനയില്‍ വെച്ച് നടന്ന വിന്റര്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് ഇതേ ബി.ബി.സി സംപ്രേഷണം ചെയ്തു.

കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും പ്രതിരൂപം!,” യു.എസ് ചാനലായ എം.എസ്.എന്‍.ബി.സിയിലെ മാധ്യമപ്രവര്‍ത്തകന്‍ അയ്മന്‍ ട്വീറ്റ് ചെയ്തു.

”2018ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച സമയത്ത് അതിനോടകം തന്നെ റഷ്യ ക്രിമിയ പിടിച്ചെടുക്കുകയും കിഴക്കന്‍ ഉക്രൈന്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് ബി.ബി.സിയില്‍ നിന്ന് അതിനെ കുറിച്ച് ഒരു ചെറിയ വിമര്‍ശനം പോലുമുണ്ടായില്ല, ഉദ്ഘാടന ചടങ്ങ് പൂര്‍ണമായും കാണിക്കുകയും ചെയ്തു.

എന്നിട്ടും ഞങ്ങള്‍ ഖത്തറിനോട് ‘പവിത്രമായ പ്രഭാഷണം’ നടത്താന്‍ ബി.ബി.സി തീരുമാനിച്ചിരിക്കുകയാണ്. അപമാനകരം,” അധ്യാപകനും എഴുത്തുകാരനുമായ മുഹമ്മദ് ജലാല്‍ ട്വീറ്റ് ചെയ്തു.

മുന്‍ ഫുട്‌ബോളറും ബി.ബി.സിയുടെ സ്‌പോര്‍ട്‌സ് കമന്റേറ്ററുമായ ഗാരി ലിനേകര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബി.ബി.സിയുടെ മറ്റ് ചാനലുകളില്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സംപ്രേക്ഷണം ചെയ്തിരുന്നെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.

ബി.ബി.സി, റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ ഖത്തര്‍ വിരുദ്ധ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

നേരത്തെ, ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്രഈലി അവതാരകന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ പ്രതിഷേധിച്ച് കൊളംബിയന്‍ ഗായകന്‍ മലുമ (Maluma) അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇസ്രഈലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍ ഖത്തറില്‍ വെച്ച് നടത്തിയ അഭിമുഖമാണ് ഖത്തര്‍ വേള്‍ഡ് കപ്പ് ആന്‍തമായ (World Cup anthem) ടൂക്കോ ടാക്കയുടെ (Tukoh Taka) ഗായകരിലൊരാളായ മലുമ ബഹിഷ്‌കരിച്ചത്.

ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് മലുമയോട് തുടര്‍ച്ചയായി ചോദ്യം ചോദിക്കുകയും മറുപടി പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് മലുമ ഇറങ്ങിപ്പോയത്.

അതേസമയം, ലോകകപ്പിന്റെ വേദിയാകുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ ക്യാമ്പെയിന്‍ മോഡലില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിയേഴ്‌സ് മോര്‍ഗന്‍ തന്നെ ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞിരുന്നു.

സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കുന്ന ഖത്തറിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നായിരുന്നും ഖത്തറിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെയും വിമര്‍ശനങ്ങളുടെയും അതേ അളവുകോല്‍ വെച്ച് മറ്റ് രാജ്യങ്ങളെയും അളക്കാന്‍ തുടങ്ങിയാല്‍ ലോകകപ്പിന് വേദിയാകാന്‍ യോഗ്യതയുള്ള ഒരു രാഷ്ട്രവും ഉണ്ടാകില്ലെന്നുമായിരുന്നു പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞത്.

”ലോകകപ്പിന് മത്സരിക്കുന്ന 32 രാജ്യങ്ങളില്‍ എട്ടിലും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗാനുരാഗത്തിന്റേ പേരും പറഞ്ഞാണ് നിങ്ങള്‍ ഖത്തറിനെതിരെ തിരിയുന്നതെങ്കില്‍ മറ്റ് ഏഴ് രാജ്യങ്ങളോടും അങ്ങനെ തന്നെ പെരുമാറണം. അമേരിക്കയിലേക്ക് വേദി മാറ്റാനാണ് ആലോചിക്കുന്നതെങ്കില്‍ അവിടെ ഇതിനേക്കാള്‍ ക്രൂരവും പിന്തിരിപ്പനുമായ നിയമങ്ങളാണുള്ളത്. അബോര്‍ഷന്റെ കാര്യം തന്നെ ഉദാഹരണം. യു.കെയിലും അങ്ങനെ തന്നെയാണ്.

ഇറാഖില്‍ നിയമവിരുദ്ധ അധിനിവേശം നടത്തിയവരാണ് നമ്മള്‍ (യു.എസ്). ഐ.എസ്.ഐ.എസിന്റെ തീവ്രവാദത്തിനും തുടക്കം കുറിച്ചു. 20 വര്‍ഷങ്ങളിലേറെയായി ആ തീവ്രവാദം തുടരുന്നു. ആ നമുക്ക് ലോകകപ്പ് വേദിയാകാന്‍ എന്തെങ്കിലും യോഗ്യതയുണ്ടോ,” എന്നായിരുന്നു പിയേഴ്സ് മോര്‍ഗന്‍ പറഞ്ഞത്.

പാശ്ചാത്യമാധ്യമങ്ങളടക്കമുള്ളവര്‍ ഖത്തറിനെതിരെ നല്‍കുന്ന വാര്‍ത്തകളും വിമര്‍ശനങ്ങളും ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞതാണെന്നാണ്
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയും (Gianni Infantino) പറഞ്ഞിരുന്നു.

”ഇത് ഇരട്ടത്താപ്പാണ്. നൂറ് ശതമാനവും അനീതിയാണ് ഈ വിമര്‍ശനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 3000 വര്‍ഷം കൊണ്ട് നമ്മള്‍ യൂറോപ്പുകാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത 3000 വര്‍ഷത്തേക്കെങ്കിലും മാപ്പ് പറയണം. എന്നിട്ടേ മറ്റുള്ളവര്‍ക്ക് സാരോപദേശം കൊടുക്കാന്‍ പാടുള്ളു,” ഇന്‍ഫെന്റിനോ പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമായി തന്നെ കണക്കാക്കുന്ന ഖത്തറിലെ നിയമവ്യവസ്ഥക്കെതിരെ ഖത്തറില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ലോകകപ്പിന്റെ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ നടന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളെയും തൊഴില്‍ ചൂഷണങ്ങളെയും കുറിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ ടീമുകളും പാശ്ചാത്യമാധ്യമങ്ങളും ഖത്തറിനെതിരെ വ്യാജ വാര്‍ത്തകളടക്കം നല്‍കികൊണ്ട് നടത്തുന്ന ക്യാമ്പെയ്‌നിന് പിന്നില്‍ മുസ്‌ലിം വിരോധവും വംശീയതയുമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Wide sparking criticism against BBC as they skips coverage of Qatar World Cup opening ceremony

We use cookies to give you the best possible experience. Learn more