| Tuesday, 10th September 2024, 10:30 pm

അന്‍വറിന് വീണ്ടും വിക്കറ്റുകള്‍; മലപ്പുറം പൊലീസില്‍ അഴിച്ചുപണി, എസ്.പിക്ക് സ്ഥലംമാറ്റം, കടക്ക് പുറത്തെന്ന് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മലപ്പുറം പൊലീസില്‍ സമ്പൂര്‍ണ അഴിച്ചുപണി. ജില്ല പൊലീസ് മേധാവി എസ്. ശശിധരനെ ഉള്‍പ്പടെ എട്ട് ഡി.വൈ.എസ്.പിമാരെയും സ്ഥലം മാറ്റി.

എസ്.പി. ശശിധരനെ എറണാകുളം വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റിയത്. പീഡനാരോപണം നേരിട്ട മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ താനൂര്‍ ഡി.വൈ.എസ്.പി ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ല ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. എസ്. ശശിധരന് പകരം പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി വിശ്വനാഥ് മലപ്പുറം എസ്.പിയാകും.

മലപ്പുറത്തെ കൂട്ട സ്ഥലംമാറ്റം ഉള്‍പ്പടെ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണിയാണുണ്ടായത്. പരാതി നല്‍കാനെത്തിയെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.വി മണികണ്ഠനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവിധ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിട്ടുണ്ട്.

മലപ്പുറം എസ്.പി. എസ്. ശശിധരനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുടര്‍ന്നാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എസ്.പിയെ വേദിയിലിരുത്തി തന്നെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നത്.

പിന്നാലെ മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിനെയും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെയും ഉന്നംവെച്ചുള്ള വെളിപ്പെടുത്തലുകളും പി.വി. അന്‍വര്‍ നടത്തി. തുടര്‍ന്ന് സുജിത് ദാസിനെ സസ്‌പെന്റ് ചെയ്യുകയും എ.ആര്‍. അജിത് കുമാര്‍ അവധിയില്‍ പ്രവേശിക്കുയും ചെയ്തു. അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം, മലപ്പുറം എസ്.പിയുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ‘സമയമായി, കടക്ക് പുറത്ത്’ എന്നാണ് പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്. സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ വിക്കറ്റ് നമ്പര്‍ 1 എന്നായിരുന്നു അനര്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. മലപ്പുറം എസ്.പിയുടെ സ്ഥലംമാറ്റത്തെ സ്വാഗതം ചെയ്ത് കൊണ്ട് ജില്ലയില്‍ നിന്നുള്ള ഇടത് എം.എല്‍.എയും മുന്‍ മന്ത്രിയുമായ കെ.ടി. ജലീലും രംഗത്തെത്തി.

CONTENT HIGHLIGHTS: Wickets again for Anwar; Malappuram police disbandment, transfer to SP

Latest Stories

We use cookies to give you the best possible experience. Learn more