മാര്‍ച്ച് 31ന് തീയേറ്ററുകളികളിലെത്താനൊരുങ്ങുകയാണ് വെട്രിമാരന്‍ ചിത്രമായ വിടുതലൈ. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന വിടുതലൈയുടെ ആദ്യ ഭാഗമാണ് തീയേറ്ററുകളിലേക്കെത്തുന്നത്.വിജയ് സേതുപതി, സൂരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം ഗംഭീരമായ ഒരു തീയേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്ത് തീയേറ്ററുകളിലെത്തുന്ന വിടുതലൈ പാര്‍ട്ട് 1 പ്രേക്ഷകര്‍ക്ക് ഇത്രയധികം പ്രതീക്ഷയുള്ള ചിത്രമായി മാറിയതെങ്ങനെയെന്ന് നോക്കാം.
വെട്രിമാരന്റെ വ്യത്യസ്തമായ മേക്കിങ് ശൈലി തന്നെയാണ് പ്രേക്ഷകരെ സ്വാധീനിക്കുന്ന പ്രധാന ഘടകം. പ്രധാനമായും സാഹിത്യകൃതികളില്‍ നിന്നാണ് വെട്രിമാരന്‍ തന്റെ സിനിമക്കുള്ള കഥകള്‍ കണ്ടെത്തുന്നത്. ജയമോഹന്റെ തുണൈവന്‍ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിടുതലൈ ഒരുക്കുന്നത്.
അസുരന്‍ എന്ന വെട്രിമാരന്റെ മുന്‍ ചിത്രം പൂമണിയുടെ വെക്കൈ എന്ന കൃതിയെ ആസ്പദമാക്കിയുള്ളതായിരുന്നു. സാഹിത്യ രചനകള്‍ അഭ്രപാളികളിലെത്തിച്ച് വിജയിപ്പിച്ച ചരിത്രം സംവിധായകനുണ്ട് എന്നത് പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു.
കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സൂരി നായകവേഷത്തിലെത്തുന്ന ചിത്രമാണിത്. സ്ഥിരം റോളുകളില്‍ നിന്ന് മാറി ഗൗരവ സ്വഭാവമുള്ള ഒരു പൊലീസ് വേഷത്തിലാണ് താരമെത്തുന്നത്. അപകടകരമായ സ്റ്റണ്ട് സീക്വന്‍സുകളും താരത്തിന്റേതായി ചിത്രത്തിലുണ്ട്.
വിജയ് സേതുപതിയുടെ ഉഗ്രന്‍ വേഷവും പ്രേക്ഷകരുടെ പ്രതീക്ഷകളെ ഉയരങ്ങളിലേക്കെത്തിക്കുന്നുണ്ട്. നായക കഥാപാത്രത്തിന് തുല്യമായ വേഷമാണ് താരത്തിന് ചിത്രത്തിലുള്ളത്.
ഇളയരാജയും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടുതലൈയെന്നതും ശ്രദ്ധേയമാണ്. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്നതു കൊണ്ട് തന്നെ ആദ്യ ഭാഗത്ത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാ സന്ദര്‍ഭങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Why you should watch ‘Vituthalai’ in theatres