ഫാറ്റിനെക്കുറിച്ചുള്ള നമ്മുടെ പൊതുധാരണകളിലെ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ന്യൂട്രീഷ്യന്‍ വിഗദ്ധര്‍. ഫാറ്റിനോടുള്ള ഭയവും ഇപ്പോഴത്തെ ആഹാരക്രമവുമെല്ലാം ഒമേഗ-3 ഫാറ്റ് ശരീരത്തിലെത്തുന്നത് ഇല്ലാതാക്കിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.
നല്ല ഫാറ്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം. നല്ല ഫാറ്റുകളുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് പലപ്പോഴും മോശമായ ഫാറ്റുളളവയാണ് പലരും തിരഞ്ഞെടുക്കുന്നത്. ഇത് ഹൃദയത്തിന് അപകടമാണെന്നും ഫീമെയില്‍ഫസ്റ്റ്.കോ.യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫാറ്റെന്നാല്‍ ഏറ്റവും അധികം ഒഴിവാക്കേണ്ട ഭക്ഷണമാണ് എന്ന നെഗറ്റീവ് ചിന്തയാണുള്ളതെന്ന് ന്യൂട്രീഷനിസ്റ്റായ ക്രിസ്റ്റിന ബൈലെ പറയുന്നു.
“എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫാറ്റുകള്‍ നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആഹാരക്രമത്തില്‍ ശരിയായ ബാലന്‍സ് നിലനിര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്. ഒമേഗ3 ഫാറ്റി ആസിഡ്, ഇ.പി.എ, ഡി.എച്ച്.എ പോലുള്ള നല്ല ഫാറ്റുള്ള ആഹാരസാധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.” ബൈലെ കൂട്ടിച്ചേര്‍ത്തു.
ഭക്ഷണത്തില്‍ നിന്ന് മാത്രം ലഭിക്കുന്ന ഫാറ്റാണ് ഒമേഗ 3. ശരീരത്തിന് സ്വതന്ത്രമായി ഇതുണ്ടാക്കാനാവില്ല. ആരോഗ്യകരമായ ഡയറ്റില്‍ ആഴ്ചയില്‍ രണ്ട് കഷണം മത്സ്യമെങ്കിലും കഴിക്കണമെന്നാണ് ശുപാര്‍ശ ചെയ്യുന്നത്. ഇതില്‍ ഒരുഭാഗം നെയ് മീനിന്റേതാവണമെന്നും പറയുന്നു.