| Sunday, 8th January 2023, 12:51 pm

എന്താടോ തനിക്ക് വൈഡ് തന്നാൽ? അമ്പയറെ വിരട്ടി ഷാക്കിബ് അൽ ഹസൻ

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിലെ പ്രമുഖ ദേശീയ ടി-20 ലീഗാണ് ബംഗ്ലാദേശ് പ്രീമിയർ ലീഗ്. ഐ.പി.എൽ മോഡലിൽ ബംഗ്ലാദേശിൽ ക്രിക്കറ്റിനെ വളർത്താനും സാമ്പത്തികമായി ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനെ മെച്ചപ്പെടുത്താനുമാണ് 2012ൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ആരംഭിച്ചത്.

എന്നാൽ പല തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളും ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിരന്തരം നടക്കാറുണ്ട്. അതിൽ ഏറ്റവും പുതിയതാണ് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസനെ ചുറ്റിപറ്റി വരുന്നത്.

മത്സരത്തിൽ ഫോർച്യൂൺ ബാരിഷാലിനായി ബാറ്റ് ചെയ്യവേ തനിക്ക് എതിരെ എതിർ ടീം ബോളർ എറിഞ്ഞ വൈഡ് അനുവദിച്ചു നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഷാക്കിബ് അൽ ഹസൻ മത്സരം നിയന്ത്രിച്ച അമ്പയർമാർക്കെതിരെ പാഞ്ഞടുത്തത്.

അമ്പയർമാർക്കെതിരെ കയർത്ത് സംസാരിച്ച ഷാക്കിബിനെ എതിർ ടീമായ സിൽഹറ്റ് സ്ട്രൈക്കേഴ്സിലെ വിക്കറ്റ് കീപ്പറായ മുഷ്ഫിഖുൽ റഹിം ഇടപെട്ടാണ് ശാന്തനാക്കിയത്. ഇതിന് പിന്നാലെ ബോളർ റെജർ എറിഞ്ഞ തൊട്ടടുത്ത പന്ത് താരം സിക്സർ പറത്തിയിരുന്നു.

മത്സരത്തിന്റെ ഷാക്കിബ് ദേഷ്യപ്പെടുന്ന രംഗങ്ങൾ ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ഷാക്കിബ് ഏഴ് ഫോറും നാല് സിക്സറും ഉൾപ്പെടെ 67 റൺസ് നേടിയിരുന്നു. എന്നാൽ ഓൾ റൗണ്ടറായ താരം ബോളിങ്ങിൽ ശരാശരി പ്രകടനമാണ് കാഴ്ച വെച്ചത്.

നാല് ഓവറിൽ 31 റൺസാണ് താരം വിട്ട് കൊടുത്തത്. എന്നാൽ ഷാക്കിബിന്റെ മികച്ച പ്രകടനത്തിനും ഫോർച്യൂൺ ബാരിഷാലിനെ രക്ഷിക്കാനായില്ല. 195 റൺസ് എന്ന വിജയ ലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ സിൽഹറ്റ് സ്ട്രൈക്കേഴ്സ് മറികടന്നു.

അതേസമയം മുമ്പും കളിക്കളത്തിലെ ചൂടൻ പെരുമാറ്റത്തിന്റെ പേരിൽ പഴി കേട്ടിട്ടുള്ള താരമാണ് ഷാക്കിബ്.
എന്നാൽ ചൂടായാൽ താരം മികച്ച രീതിയിൽ കളിക്കുമെങ്കിൽ ഒന്നോ രണ്ടോ വൈഡുകൾ അനുവദിക്കാതെ അമ്പയർമാർ താരത്തെ പ്രകോപിപ്പിക്കട്ടെ എന്നാണ് ആരാധകർ സംഭവത്തെക്കുറിച്ച് തമാശയായി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്യുന്നത്.

Content Highlights:why you dont give me the wide? Shakib Al Hasan scold umpire

We use cookies to give you the best possible experience. Learn more