വിമാനവാഹിനിക്കപ്പലില്‍ ആരെങ്കിലും അവധിക്കാലം ആഘോഷിക്കുമോ ? രാജീവ് ഗാന്ധി പോയത് ഔദ്യോഗിക സന്ദര്‍ശനത്തിനെന്ന് രാഹുല്‍ഗാന്ധി
national news
വിമാനവാഹിനിക്കപ്പലില്‍ ആരെങ്കിലും അവധിക്കാലം ആഘോഷിക്കുമോ ? രാജീവ് ഗാന്ധി പോയത് ഔദ്യോഗിക സന്ദര്‍ശനത്തിനെന്ന് രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 8:55 am

ന്യൂദല്‍ഹി: രാജീവ് ഗാന്ധിയും കുടുംബവും ഐ.എന്‍.എസ് വിരാടില്‍ അവധിക്കാലമാഘോഷിക്കാന്‍ പോയെന്ന മോദിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഔദ്യോഗികമായിരുന്നു. ഇക്കാര്യം നേവിയോട് ചോദിച്ച് തീര്‍പ്പാക്കാവുന്നതാണ്. ഐ.എന്‍.എസ് വിരാട് ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണെന്നും അതില്‍ ആരെങ്കിലും അവധിയോഘോഷിക്കുമോയെന്നും രാഹുല്‍ ചോദിച്ചു.

മോദിയുടെ ഭാവിയിലേക്കും വര്‍ത്തമാന കാലത്തിലുമുള്ള വാതില്‍ തങ്ങള്‍ അടച്ചിരിക്കുകയാണെന്നും അത് കൊണ്ടാണ് അദ്ദേഹം പുറകിലേക്ക് ഓടുന്നതെന്നും രാഹുല്‍ പറഞ്ഞു. വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ വാതിലും തങ്ങള്‍ അടയ്ക്കുമെന്ന് രാഹുല്‍ പറഞ്ഞു.

ഐ.എന്‍.എസ് വിരാടില്‍ രാജീവ്ഗാന്ധിയും കുടുംബവും ലക്ഷദ്വീപിലേക്ക് അവധിക്കാലമാഘോഷിക്കാന്‍ പോയെന്നും സോണിയാ ഗാന്ധിയുടെ ഇറ്റലിക്കാരായ ബന്ധുക്കളും കപ്പലിലുണ്ടായിരുന്നുവെന്നും മോദി ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ മോദിയുടെ വാദം തെറ്റാണെന്ന് നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ രാംദാസ് പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് ദേശീയ ഗെയിംസ് സമ്മാനദാനം നിര്‍വഹിച്ച ശേഷം ദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് രാജീവ് ഗാന്ധി ലക്ഷദ്വീപിലേക്ക് പോയതെന്നും അന്ന് കൊച്ചിയില്‍ ദക്ഷിണ നാവികസേനാ കമാന്‍ഡ് മേധാവിയായിരുന്ന താനും കപ്പലിലുണ്ടായിരുന്നെന്നും അഡ്മിറല്‍ രാംദാസ് പ്രതികരിച്ചിരുന്നു. വിദേശികള്‍ കപ്പലിലില്‍ കയറിയെന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.