“എന്റെ സഹോദരി അത് പുറത്തുപറയുമെന്ന് ബിഷപ്പിന് സംശയം തോന്നിയിരുന്നെങ്കില്‍ മറ്റൊരു അഭയ ഉണ്ടായേനേ”. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുള്ളയ്ക്കല്‍ പലതവണ പീഡിപ്പിച്ചിട്ടും പരാതി നല്‍കാന്‍ ഇത്രയും വൈകിയതെന്തെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹോദരി മാതൃഭൂമി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ കന്യാസ്ത്രീകളടക്കമുള്ളവര്‍ എത്രത്തോളം ഭയക്കുന്നുവെന്ന് ഈ വാക്കുകളില്‍ വ്യക്തമാണ്.
“കൊന്നുകളയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ വച്ചേക്കില്ലെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ചേച്ചിക്ക് വലിയ ധൈര്യമില്ലാത്ത കൂട്ടത്തിലാണ്. ഭീഷണിയെ അതിജീവിക്കാനുള്ള ധൈര്യമില്ലായിരുന്നു” എന്നാണ് സഹോദരി പറഞ്ഞത്.
സഭയ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് അടക്കമുള്ളവര്‍ ആരോപണത്തെ പ്രതിരോധിക്കുന്നത് യുവതി ആരോപണവുമായി മുന്നോട്ടുവരാന്‍ വൈകിയെന്നു പറഞ്ഞുകൊണ്ടാണ്. “പെട്ടെന്ന് ഇങ്ങനെയൊരു ആരോപണം ഇപ്പം വന്നതുകൊണ്ടുള്ള അതിശയം, അത് എനിക്കുമാത്രമല്ല എല്ലാവര്‍ക്കുമുണ്ട്” എന്നു പറഞ്ഞുകൊണ്ട് യുവതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി സ്വയം പ്രതിരോധിക്കാനാണ് ജലന്ധര്‍ ബിഷപ്പ് ശ്രമിച്ചത്.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണത്തിന് ഇരയായ കന്യാസ്ത്രീ അടക്കം ബിഷപ്പിനെതിരെ രംഗത്തുവന്നിട്ടുള്ളവരുടെ വാക്കുകള്‍. “സഭയ്ക്ക് പുറത്താരോടെങ്കിലും ഞാനനുഭവിച്ച പീഡനങ്ങള്‍ പറയുന്നതെങ്ങനെ. സഭയിലെ നീതി നടപ്പിലാക്കേണ്ടവരോടെയെല്ലാം തുറന്നു പറയുകയും പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല, മൗനം പാലിക്കുകയും ചെയ്തു. അങ്ങനെയാണ് നാലുവര്‍ഷം നീണ്ടുപോയത്.” എന്നാണ് കന്യാസ്ത്രീ പറഞ്ഞത്.
മദര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരോട് പരാതിപ്പെട്ടപ്പോള്‍ അവരും ബിഷപ്പിനെതിരെ പ്രതികരിക്കാന്‍ ഭയക്കുന്ന തരത്തിലാണ് പ്രതികരിച്ചതെന്നും കന്യാസ്ത്രീ പറയുന്നു. “ഞാനെങ്ങനെയാണ് ബിഷപ്പിനെതിരെ നീങ്ങുക”യെന്നാണ് പീഡനം സംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ മദര്‍ ജനറല്‍ പറഞ്ഞതെന്നാണ് അവര്‍ പറയുന്നത്.
പീഡനമേറ്റ കന്യാസ്ത്രീയ്‌ക്കൊപ്പം നിലകൊണ്ട അഞ്ചു കന്യാസ്ത്രീകള്‍ക്കും നേരിടേണ്ടിവന്നത് ഭീഷണികള്‍ തന്നെയാണ്. കന്യാസ്ത്രീയ്‌ക്കൊപ്പം നിന്നാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരും എന്നാണ് ഈ അഞ്ചു സിസ്റ്റര്‍മാര്‍ക്കും മദര്‍ സൂപ്പീരിയര്‍ അയച്ച കത്തില്‍ ഭീഷണിപ്പെടുത്തുന്നത്. “ബിഷപ്പിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണം. ബിഷപ്പ് പീഡിപ്പിച്ചെന്നു പറഞ്ഞ കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നവര്‍ വിമതപക്ഷത്താണ്. ബിഷപ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രിഗേഷന് നാണക്കേടുണ്ടാക്കുന്ന സമീപനമാണിത്. അതിനാല്‍ വിമതരോട് സഹകരിക്കരുത്. സഹകരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും” മുന്നറിയിപ്പു നല്‍കുന്നതായിരുന്നു കത്ത്.
സഭയ്ക്കുള്ളിലെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടാറുണ്ടെന്ന ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു സഭയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എറണാകുളം അങ്കമാലി അതിരൂപതാ വൈദികന്‍ ഫാ അഗസ്റ്റിന്‍ വട്ടോളിയുടെ പ്രതികരണം. “ഇന്ന് നമ്മുടെ കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. എങ്ങനെയാണ് നമ്മുടെ അമ്മമാര്‍ ഈ ലോകത്ത് ജീവിക്കുന്നത്. നമ്മുടെ കന്യാസ്ത്രീകള്‍ ഈ ലോകത്ത് അനുഭവിക്കുന്ന പീഡകള്‍ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ അധ്വാനമാണ് നമ്മുടെ പലസ്വത്തും. അത് പുരോഹിത മേധാവികള്‍ ധൂര്‍ത്തടിക്കുകയാണ്. സന്യാസിനികള്‍ എന്ത് സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്” എന്നാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞത്.
അധോലോകമെന്നൊക്കെ പറയാന്‍ പറ്റുന്ന ഒരു അവസ്ഥയാണ് സഭയ്ക്കുള്ളതെന്നാണ് സിസ്റ്റര്‍ ജെസ്മി ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
“പുറത്താണ് ഞങ്ങള്‍ക്ക് സംരക്ഷണം ഇല്ലാത്തത്, അകത്ത് ഞങ്ങള്‍ വളരെ സേഫാണെന്നായിരുന്നു അഭയാ കേസ് വരുന്നതുവരെ ഞങ്ങള്‍ വിചാരിച്ചത്. അഭയക്കേസ് ഞങ്ങള്‍ക്ക് ഷോക്കടിപ്പിച്ചിരുന്നു. എനിക്ക് ഭയം തോന്നിയിരുന്നു. വിമലാ കോളജിലെ മുകളിലെ റൂമില്‍ നിന്നും ഞാന്‍ തണുത്ത വെള്ളം എടുക്കാനായി താഴേക്കിറങ്ങുമ്പോഴൊക്കെ പെട്ടെന്ന് എന്നെ ആരെങ്കിലും ആക്രമിക്കുമോ, ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോയെന്നൊക്കെയുള്ള ഭയമായിരുന്നു മനസില്‍. അന്നാണ് ഞാന്‍ ആദ്യമായി മനസിലാക്കിയത് ഞങ്ങള്‍ക്ക് അകത്ത് സേഫ്റ്റിയില്ലെന്ന്.” അവര്‍ പറയുന്നു.