എന്തുകൊണ്ട് വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്മാറി'; കാരണം വ്യക്തമാക്കി ആഷിഖ് അബു
Entertainment news
എന്തുകൊണ്ട് വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്മാറി'; കാരണം വ്യക്തമാക്കി ആഷിഖ് അബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th December 2021, 11:19 am

ദുബായ്: വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്മാറിയതിനുള്ള കാരണം വ്യക്തമാക്കി സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. പ്രൊഡക്ഷന്‍ കമ്പനിയില്‍ ആവശ്യത്തിന് പണം ഇല്ലത്തതിനാലാണ് സിനിമ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ വണ്‍ ചാനലിനോടായിരുന്നു ആഷിഖിന്റെ പ്രതികരണം. ആഷിഖ് അബു സഹനിര്‍മാതാവായ ഭീമന്റെ വഴി എന്ന സിനിമയുടെ ജി.സി.സി റിലീസിനോട് അനുബന്ധിച്ച് ഗള്‍ഫിലെത്തിയതായിരുന്നു അദ്ദേഹം.

സിനിമയില്‍ നിന്ന് പിന്മാറിയത് തികച്ചും പ്രൊഫഷണലായ ഒരു തീരുമാനമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സിനിമ ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല, വേറെ ഒരു സംവിധായകനുമായി ഒരുപാട് കാലമായി ആലോചിച്ചിരുന്ന സിനിമയായിരുന്നു.

അത്തരമൊരു സിനിമ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വലിയ രീതിയില്‍ അതിന് സമ്പത്ത് വേണ്ടിവരും. അത്രയും സമ്പത്ത് തല്‍ക്കാലം ഇപ്പോള്‍ ആ പ്രൊഡക്ഷന്‍ കമ്പനിയുടെ കൈയ്യിലില്ല.

സിനിമ നമുക്ക് കൈമാറാനും ആ പ്രൊഡക്ഷന്‍ കമ്പനി തയ്യാറല്ല. ആ ഒരു അവസ്ഥയില്‍ അത്രയും വലിയ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് ഞങ്ങള്‍ വളരെ സമാധാനപൂര്‍വ്വം നിങ്ങള്‍ വേറെയാളെ നോക്കികൊള്ളൂവെന്ന് പറഞ്ഞതെന്നും ആഷിഖ് അബു പറഞ്ഞു.

ഒരു സമ്മര്‍ദ്ദവും എനിക്കങ്ങനെ ഏല്‍ക്കാറില്ല. സമ്മര്‍ദ്ദം എന്റെ വീട്ടിന്ന് പോലും എടുക്കാത്ത ആളാണ് ഞാന്‍. സംഭവം ഇത്രയുമാണ്, അത് വലിയൊരു പ്രൊജക്ടാണ്. ഞങ്ങളെ പോലുള്ളവര്‍ അത് വളരെ ആത്മാര്‍ത്ഥമായി എക്‌സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും.

അവര് വലിയ സംവിധാനങ്ങളുണ്ടാക്കുമായിരിക്കും ഭാവിയില്‍, പക്ഷേ ഇപ്പോള്‍ തല്‍ക്കാലം അതില്ലായെന്ന തിരിച്ചറിവിലാണ് ഞങ്ങള്‍ പിന്‍മാറിയതെന്നും അദ്ദേഹം പറഞ്ഞു.

2020 ജൂണില്‍ ആയിരുന്നു പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്. പിന്നീട് സിനിമയില്‍ നിന്ന് പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്മാറിയിരുന്നു.

നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞിരുന്നു. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ആഷിഖ് അബു അറിയിച്ചത്. സിക്കന്ദറും മൊയ്ദീനുമായിരുന്നു സിനിമ നിര്‍മ്മിക്കാനിരുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥ.

പിന്നാലെ വിവാദങ്ങളെ തുടര്‍ന്ന് തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് റമീസിനെ മാറ്റിയിരുന്നു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെയും സംവിധായകന്‍ ആഷിഖ് അബുവിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.