ബ്രായുടെ സൈസ് ശരിയല്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാം. ഷോള്‍ഡര്‍ വേദന മുതല്‍ തലവേദനവരെ ഇതുകാരണം വരാം. എന്നാല്‍ ബ്രായുടെ സൈസ് ശരിയായാലും ചിലര്‍ക്ക് ബ്രായുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകളുണ്ടാവാം.
ബ്രാ സ്ട്രാപ് സിന്‍ഡ്രോം:
കോസ്‌റ്റോക്ലാവിക്കുലര്‍ സിന്‍ഡ്രോം എന്നാണ് വൈദ്യശാസ്ത്രത്തില്‍ ഈ പ്രശ്‌നം അറിയപ്പെടുന്നത്. നിങ്ങളുടെ ബ്രായുടെ സ്ട്രാപ്പ് ഷോള്‍ഡറില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും അതുവഴി കഴുത്തിനും ഷോള്‍ഡറിനും വേദനയുണ്ടാവുകയും ചെയ്യും.
വളരെ വീതികുറഞ്ഞ സ്ട്രാപ്പുള്ള ബ്രായാണ് നിങ്ങള്‍ ധരിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ സ്ട്രാപ്പ് വളരെ ടൈറ്റാണെങ്കില്‍ അത് കഴുത്തിനും ഷോള്‍ഡറിനും ചുറ്റുമുള്ള രക്തക്കുഴലുകളെ അമര്‍ത്തും. പ്രായമുള്ള, പൊണ്ണത്തടിയുള്ള വലിയ സ്തനങ്ങളുള്ള സ്ത്രീകളെയാണ് പൊതുവെ ഇത് ബാധിക്കുന്നത്.
ഇതിന്റെ ഫലമായി കഴുത്തിലും ഷോള്‍ഡറിലും നല്ല വേദന അനുഭവപ്പെടും. തോളില്‍ കനമുള്ള ബാഗോ മറ്റോ തൂക്കുമ്പോള്‍ ഈ വേദന കൂടും. അതുപോലെ തന്നെ രാവിലെ വേദന വളരെ കുറയുകയും സമയം കഴിയുന്തോറും കൂടുകയും ചെയ്യും.
നിങ്ങള്‍ക്കു ബ്രാ സ്ട്രാപ്പ് സിന്‍ഡ്രോം ഉണ്ടോയെന്ന് എങ്ങനെയറിയാം?
കഴുത്ത്, ഷോള്‍ഡര്‍, കൈകള്‍ എന്നിവിടങ്ങളിലെ ഏതുവേദനയും ശ്രദ്ധിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. കൈകളില്‍ നീരുവരിക, കരുവാളിക്കുകയെന്നതും ലക്ഷണങ്ങളാണ്.
മറ്റൊരു ടെസ്റ്റ് ബ്രാ അഴിച്ചുനോക്കലാണ്. ബ്രാ അഴിച്ചശേഷമുള്ള അടയാളം താല്‍ക്കാലികവും എത്രയും പെട്ടെന്ന് മായുകയും ചെയ്യുന്നുണ്ടെങ്കില്‍ വലിയ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അവ കുറേസമയം നില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരകലകളെ ഇത് കേടുവരുത്തിയിരിക്കാം.
എങ്ങനെ തടയാം?
പൂര്‍ണമായും തടയാന്‍ കഴിയുന്ന ഒരു ആരോഗ്യപ്രശ്‌നമാണിത്. കഴിയുന്ന സമയത്തെല്ലാം ബ്രാ ധരിക്കാതിരിക്കുകയെന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ഉറങ്ങുമ്പോള്‍, വീട്ടിലുള്ള സമയങ്ങളില്‍ ഒക്കെ ബ്രാ ധരിക്കാതിരിക്കാം.
മറ്റൊന്ന് വീതിയുള്ള സ്ട്രാപ്പുള്ള നിങ്ങളുടെ സൈസിന് പറ്റിയ ബ്രാ തെരഞ്ഞെടുക്കുകയെന്നതാണ്.