നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് സഹായം നല്‍കുന്നതിനായി എഴുത്തുകാരി ലക്ഷ്മി രാജീവ് തന്റെ പക്കലുള്ള അപൂര്‍വ മോതിരം വില്‍ക്കാന്‍ തയ്യാറായ വാര്‍ത്ത കണ്ടു.
ലക്ഷ്മി രാജീവ് അവരുടെ സഹാനുഭൂതി ഇതിലൂടെ പ്രകാശിപ്പിക്കുകയായിരിക്കാം. വളരെ മൂല്യവത്തെന്നു താന്‍ വിശ്വസിക്കുന്ന ഒരു വസ്തുവിനെ ഒരു മനുഷ്യ ദുരന്തത്തില്‍ അകപ്പെട്ടുപോയ കുട്ടികള്‍ക്കുപകാരപ്പെടുന്ന വിധത്തില്‍ ഉപേക്ഷിക്കാന്‍ പ്രകടിപ്പിക്കുന്ന സന്നദ്ധത അവരുടെ മനസ്സിന്റെ വലുപ്പമായിരിക്കാം കാണിക്കുന്നത്.
എന്നാല്‍ ഇത് ഈ നിലയില്‍ വീട്ടപ്പെടേണ്ട ഒരു കടമാവുന്നത് നമ്മുടെ സാമൂഹിക അവബോധത്തെ ഒരു തരത്തിലും പുനരാലോചനയ്ക്ക് വിധേയമാക്കാന്‍ പോന്നതല്ല. മാത്രമല്ല, രാഷ്ട്രീയമായി വീട്ടപ്പെടേണ്ട കടങ്ങളെ വീണ്ടും വീണ്ടും രാഷ്ട്രീയമായി എഴുതിത്തള്ളാന്‍ പ്രേരിപ്പിക്കുകയുമാണ്.
മുത്തങ്ങയില്‍ അമ്പും വില്ലുമെടുത്ത് സാമൂഹികരാഷ്ട്രീയ നീതികേടിന് കണക്കുചോദിച്ചു ചെറുത്തുനിന്ന ഗോത്ര മനുഷ്യരെ വെടിവെച്ചു കൊന്നും തല്ലിയൊതുക്കി ജീവച്ഛവങ്ങളാക്കിയുമാണ് ഭരണവര്‍ഗ്ഗ രാഷ്ട്രീയം രാഷ്ട്രീയമായി എഴുതിത്തള്ളിയത്. പിന്നീട്, ചെങ്ങറയില്‍ സമരഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ വന്ന ഭരണകൂടത്തെ നേരിടാന്‍ സ്വയം തലയിലും ദേഹത്തും മണ്ണെണ്ണയൊഴിച്ചു നില്‍ക്കേണ്ടിവന്ന ഭൂരഹിതരായ സമര മനുഷ്യരുടെ ഗതികേടുകളുടെ ഇങ്ങേയറ്റത്താണ് നെയ്യാറ്റിന്‍കരയിലെ രാജന്റെയും അമ്പിളിയുടെയും മക്കള്‍ നില്‍ക്കുന്നത്.
ഭൂമിയിലും വിഭവങ്ങളിലും അധികാരത്തിലും അര്‍ഹതപ്പെട്ട വിഹിതം ചോദിച്ചു ഭരണകൂടത്തോട് നേര്‍ക്കുനേര്‍ നിന്ന മനുഷ്യരെയെല്ലാം വേട്ടയാടിക്കൊണ്ടിരുന്ന വരേണ്യ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയിലാണ് ഈ മനുഷ്യദുരന്തവും ഉണ്ടായിരിക്കുന്നത്. ഭരണകൂടവും ഭരണവര്‍ഗ്ഗ രാഷ്ട്രീയവും യാതൊരു കൂസലുമില്ലാതെ ഭൂരഹിതരോടും ദുര്‍ബല സാമൂഹിക വിഭാഗങ്ങളോടും അവര്‍ അനുവര്‍ത്തിച്ചു വന്ന മനോഭാവവും സമീപനങ്ങളുമായി മുന്നോട്ടുപോവുകയാണ്.
ഈ കുട്ടികളോ ഭൂരാഹിത്യം നേരിടുന്ന അസംഖ്യം ജനങ്ങളോ ആരുടേയും കാരുണ്യത്തിനു കൈനീട്ടുന്നവരല്ല. അവകാശപ്പെട്ടത് നേടിയെടുക്കുന്നതിന് വിരല്‍ ചൂണ്ടിയാണ് അവര്‍ നില്‍ക്കുന്നത്. പൊള്ളലേറ്റ കൈകൊണ്ട് രാജന്റെയും അമ്പിളിയുടെയും മകന്‍ രഞ്ജിത്ത് വിരല്‍ചൂണ്ടിയത് ഭരണകൂടത്തിന് നേര്‍ക്കാണ്. അത് ആര്‍ജ്ജവമുറ്റ, കരുത്തുറ്റ, ഇച്ഛയുടെ കൈചൂണ്ടലാണ്. അതിനെ അങ്ങനെ മനസ്സിലാക്കാനും അവന്‍ ഉന്നയിച്ച ചോദ്യങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും നേരിടാനുമാണ് മലയാളികള്‍ പഠിക്കേണ്ടത്.
എഴുത്തുകാരും ബുദ്ധിജീവികളും മറ്റുന്നതരുമൊക്കെ അവരുടെ മനുഷ്യത്വത്തിലൂന്നിയ സഹാനുഭൂതികളെ രാഷ്ട്രീയ ഐക്യപ്പെടലായി ഉയര്‍ത്തുകയാണ് വേണ്ടത്. ദയവായി നിങ്ങളുടെ ഭാഗ്യമോതിരങ്ങള്‍ ആ വിരല്‍ചൂണ്ടിയ യുവാവിന്റെ പൊള്ളലേറ്റ വിരലില്‍ അണിയിക്കരുത്.]
അവനെപ്പോലെ പൊള്ളലേറ്റ അനേകായിരങ്ങള്‍ അവനു പിന്നാലെയും ചുട്ടെരിക്കപ്പെടാനും കുഴിവെട്ടാനും വിധിക്കപ്പെട്ടു നില്‍ക്കുന്നുണ്ട്. അവരെക്കൂടി കാണാന്‍ നമ്മുടെ സഹാനുഭൂതികള്‍ക്കും സാഹോദര്യത്തിനും കഴിയേണ്ടതുണ്ട്. അവരെ പിന്നിലാക്കിയതും പുറത്തു നിര്‍ത്തിയതും ആരാണെന്നും എന്തിന്റെ പേരിലാണെന്നും അതിന്റെ പരിഹാരം എന്താണെന്നും ആരായുകയാണ് വേണ്ടത്.
ആ പ്രശ്‌നം ഉയര്‍ത്തുക. ദയവായി അവരെ ഭിക്ഷക്കാരായി കാണരുത്. പദ്മനാഭ പ്രഭയാല്‍ വൈയക്തിക വികാരത്തിന്റെ കരുണ തിളങ്ങുന്നത് കാണുന്നു. അതിനെ മാനിക്കുന്നു. എന്നാല്‍ നമ്മുടെ രാഷ്ട്രീയ നിലവറകള്‍ അടഞ്ഞു തന്നെ കിടപ്പാണ്. അതിനുള്ള നിവേദനത്തില്‍ ഒപ്പുവെക്കാന്‍ മെനക്കെടണം. ഉണര്‍ന്നു ചിന്തിക്കണം. കരിഞ്ഞ മനുഷ്യരുടെ നിലവിളികളും തീപ്പൊള്ളലേറ്റ വിരലുകളുടെ ചൂണ്ടലുകളും രാഷ്ട്രീയ നിവേദനങ്ങളാണ്. അതില്‍ ഒപ്പുവെക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക