ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറാനെ നേരിട്ടിരുന്നു. രണ്ടിനെതിരെ ആറ് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. കളിയുടെ സമസ്ത മേഖലയിലും ഇംഗ്ലണ്ട് കരുത്ത് കാട്ടിയപ്പോള്‍ ഇറാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
ഏകദേശം രണ്ട് മണിക്കൂറോളമായിരുന്നു മത്സരം അരങ്ങേറിയത്. രണ്ട് പാദങ്ങളിലുമായി 27 മിനിട്ടോളമാണ് അധിക സമയമായി റഫറി അനുവദിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരിക്കിന്റെ രൂപത്തില്‍ നിര്‍ഭാഗ്യം ഇറാനെ വേട്ടയാടിയിരുന്നു. തന്റെ സഹതാരവുമായി കൂട്ടിയിടിച്ച് ഇറാന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ അലിറെസ ബെയ്‌റന്‍വാന്ദിന് പരിക്കേറ്റിരുന്നു. മത്സരം തുടങ്ങി 14ാം മിനിട്ടിലായിരുന്നു ഇറാന് പ്രഹരമായി ഈ സംഭവം നടന്നത്.
തലക്ക് പരിക്കേറ്റ താരത്തിന് മൈതാനത്ത് വെച്ച് ദീര്‍ഘമായ വൈദ്യ പരിശോധന ആവശ്യമായി വന്നിരുന്നു. നീണ്ട പരിശോധനക്ക് ശേഷം താരം വീണ്ടും കളിക്കുകയായിരുന്നു.
എന്നാല്‍ തലക്ക് പരിക്കേറ്റാല്‍ ഉടനെ താരത്തെ പിന്‍വലിക്കണമെന്ന കണ്‍കഷന്‍ പ്രോട്ടോകോള്‍ ഉണ്ടായിരുന്നിട്ടും അല്‍പനേരത്തിന് ശേഷം മാത്രമാണ് താരത്തെ ഗ്രൗണ്ടില്‍ നിന്നും പിന്‍വലിച്ചത്.
പരിക്ക് മൂലം സമയം നഷ്ടപ്പെട്ടതിനാലാണ് ഇത്രയധികം സമയം ആഡ് ഓണ്‍ ആയി അനുവദിച്ചത്. മത്സരത്തിന്റെ ഫസ്റ്റ് ഹാഫിന് 13 മിനിട്ടും രണ്ടാം പകുതിക്ക് 14 മിനിട്ടുമാണ് അധിക സമയമായി നല്‍കിയത്.
അതേസമയം, 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനെ തരിപ്പണമാക്കി ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ ആറ് ഗോളിനാണ് ഇംഗ്ലണ്ട് ഏഷ്യന്‍ ശക്തികളെ തകര്‍ത്തുവിട്ടത്.
ഇംഗ്ലണ്ടിനായി ബുക്കോയോ സാക്ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ റഹീം സ്റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജാക്ക് ഗ്രെലിഷ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
മത്സരത്തിന്റെ 65ാം മിനിട്ടിലാണ് ഇറാന്‍ ആദ്യ ഗോള്‍ നേടിയത്. മെഹ്ദി തരേമിയാണ് ഇറാനായി ഗോള്‍ നേടിയത്. ആഡ് ഓണ്‍ സമയത്ത് ലഭിച്ച പെനാല്‍ട്ടിയും താരം ഇറാനായി വലയിലാക്കിയതോടെയാണ് ഇറാന്‍ രണ്ട് ഗോളിലെത്തിയത്.
ഗ്രൂപ്പ് ബിയില്‍ അമേരിക്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. നവംബര്‍ 26ന് നടക്കുന്ന മത്സരത്തിന് അല്‍ ബൈത്ത് സ്റ്റേഡിയമാണ് വേദിയാവുക.