| Wednesday, 5th October 2022, 2:47 pm

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യേണ്ട റോള്‍ എന്തിന് ഇന്ദ്രന്‍സിന് കൊടുത്തു; കമന്റ് ബോക്‌സില്‍ വിശദീകരണവുമായി നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യ, ജാഫര്‍ ഇടുക്കി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഈശോ സെപ്റ്റംബര്‍ നാലിനാണ് സോണി ലിവില്‍ റിലീസ് ചെയ്തത്. ഒരു എ.ടി.എം കൗണ്ടറിന്റെ സെക്യൂരിറ്റിയും ആ വഴി വന്ന ഒരു യാത്രക്കാരനും ഒന്നിച്ചുള്ള, ഒരു രാത്രി നടക്കുന്ന കഥ പറഞ്ഞ ചിത്രം ഒരു ക്രൈം ത്രില്ലറായാണ് ഒരുങ്ങിയത്.

റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്. ഈശോയില്‍ ഇന്ദ്രന്‍സിന് വളരെ ചെറിയ റോള്‍ നല്‍കിയതിനെ പറ്റിയുള്ള ഒരു പോസ്റ്റിന് നാദിര്‍ഷ തന്നെ ഇപ്പോള്‍ വിശദീകരണവുമായി കമന്റ് ബോക്‌സില്‍ എത്തിയിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ചെയ്യേണ്ട കഥാപാത്രമാണ് ഇന്ദ്രന്‍സിന് നല്‍കിയതെന്നാണ് വിഷ്ണു ആമി എന്ന അക്കൗണ്ടില്‍ നിന്നും സിനിഫൈല്‍ ഗ്രൂപ്പില്‍ പോസ്റ്റ് വന്നത്.

‘പ്രിയപ്പെട്ട നാദിക്കാ…
ഈശോ സിനിമ കണ്ടു. സിനിമ ഇഷ്ടമായി
പക്ഷേ ഇന്ദ്രന്‍സ് ചേട്ടന്‍…
മലയാളികള്‍ ഒരേ സ്വരത്തില്‍ എതിരഭിപ്രായമില്ലാതെ അംഗീകരിക്കുന്ന കലാകാരന്‍. കോമഡിയിലൂടെ വന്നു വില്ലനായും നായകനായും സ്വഭാവനടനായും നമ്മുടെ മനസ്സിലേക്ക് കുടിയേറിയ കലാകാരന്‍. രണ്ട് തവണ സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍… ഷാന്‍ഗായി ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട സിനിമയില്‍ പ്രധാനവേഷം ചെയ്ത നടന്‍. എളിമയുടെ അങ്ങേ അറ്റമാണ് ഇന്ദ്രന്‍സ് ചേട്ടന്‍.

ഇന്ന് ആദ്യ സിനിമ ഹിറ്റ് ആവുമ്പോഴേക്കും വീട്ടില്‍ നിന്ന് ലൊക്കേഷനിലേക്ക് കാര്‍ വേണം എന്ന് നിര്‍ബന്ധം പിടിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉള്ള കാലത്ത് കാര്‍ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞാലും ട്രെയിന്‍ മതി എന്ന് പറയുന്ന, ഫസ്റ്റ് എ.സി. ബുക്ക് ചെയ്യാം എന്ന് പറയുമ്പോള്‍ സ്ലീപ്പര്‍ക്ലാസ് മതി എന്ന് പറയുന്ന( പേര്‍സണല്‍ അനുഭവം )അത്രയും ഡൗണ്‍ ടു എര്‍ത്ത് ആയ മനുഷ്യനാണെന്ന് കരുതി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ വെച്ച് ചെയ്യേണ്ട ഒരു സീനില്‍ അദ്ദേഹത്തെപ്പോലൊരു നടനെ കൊണ്ട് അഭിനയിപ്പിച്ചത് എന്തിനാണ് നദിര്‍ഷാ ഭായ്?

ഏത് ചെറിയ വേഷം കൊടുത്താലും അദ്ദേഹം ചെയ്യും. ഒരു പക്ഷേ നിങ്ങള്‍ തമ്മിലുള്ള ബന്ധം അങ്ങനെയായത് കൊണ്ടാവാം. എന്നാലും ഇത് മോശമായിപ്പോയി നാദിക്കാ. സത്യത്തില്‍ നിങ്ങള്‍ ഇന്ദ്രന്‍സ് ചേട്ടനെ വിലകുറച്ച് കണ്ടതായാണ് എനിക്ക് ഫീല്‍ ചെയ്തത്. അല്പം പ്രാധാന്യമുള്ള ഒരു വേഷം അദ്ദേഹത്തിന് നല്‍കിയിരുന്നെങ്കില്‍ എന്ന് തോന്നിപോയി,’ എന്നാണ് വിഷ്ണു കുറിച്ചത്.

ഇതിന് മറുപടിയായി തന്നോടുള്ള ബന്ധത്തിന്റെ പുറത്താണ് ഇന്ദ്രന്‍സ് ഈ ചിത്രത്തില് അഭിനയിച്ചതെന്നാണ് നാദിര്‍ഷ കുറിച്ചത്.

‘ബ്രദര്‍
ഇന്ദ്രന്‍സ് ചേട്ടനും ഞാനും തമ്മിലുള്ള ബന്ധം മാനത്തെ കൊട്ടാരം മുതല്‍ തുടങ്ങിയതാണ്. എന്റെ സ്വന്തം സഹോദരന്റെ സ്ഥാനമാണ് അദ്ദേഹത്തിന്. ഞാന്‍ ഇതിന് മുമ്പ് ചെയ്ത പല ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ വിളിച്ചിട്ട് അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല അതുകൊണ്ട് ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണയോടെയാണ് ചേട്ടന്‍ വന്ന് അഭിനയിച്ചത്. അത് റോളിന്റെ നീളം നോക്കിയല്ല ബന്ധങ്ങളുടെ ആഴം കൊണ്ട് വന്നതാണ്,’ നാദിര്‍ഷ പറഞ്ഞു.

Content Highlight: Why was Indrans given the role that should be played by junior artists; Nadirsha with an explanation in the comment box

We use cookies to give you the best possible experience. Learn more